തലയോലപ്പറമ്പ്: കൊറോണ ഉൾപ്പടെയുള്ള പകർച്ചവ്യാധി രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ മുളക്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഇഷ്ടികക്കളങ്ങൾ പ്രദേശവാസികൾക്ക് ഭീഷണി ഉയർത്തുന്നതായി പരാതി. ഇഷ്ടികക്കളങ്ങൾ തുടങ്ങുമ്പോൾ പാലിക്കേണ്ട യാതൊരു നിയമവ്യവസ്ഥകളും പാലിക്കാതെയാണ് ഇവിടെ കളങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇതിന് ബന്ധപ്പെട്ട അധികൃതർ ഒത്താശ ചെയ്യുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമപഞ്ചായത്ത് ഇഷ്ടിക നിർമ്മാണത്തിനായി നൽകിയ ലൈസൻസിന്റെ മറവിൽ രാപകൽ ഇല്ലാതെ ഇഷ്ടിക കളം ഉടമകൾ ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയവ ഉപയോഗിച്ച് പാടത്ത് നിന്ന് മണ്ണ് ആഴത്തിൽ കുഴിച്ചെടുത്ത് നിയമ ലംഘനം നടത്തുന്നതായും ആരോപണമുണ്ട്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ റദ്ദ് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഇതിന് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ പണിയെടുക്കുന്ന നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിക്കുന്നതും നാട്ടുകാരിൽ ഭീതി ഉയർത്തുന്നു. തൊഴിലാളികൾ ഷീറ്റ് കൊണ്ടു മറച്ച കുടിലിലാണ് താമസിക്കുന്നത്. ഇവിടത്തെ ശൗചാലയങ്ങളുടെ അവസ്ഥയും ഏറെ ദയനീയമാണ്.