വൈക്കം: ആൾ അകത്ത് നിൽക്കെ ശൗചാലയം പൂട്ടി ജീവനക്കാർ പോയി. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് അരമണിക്കൂറിന് ശേഷം ജീവനക്കാർ എത്തി ശൗചാലയം തുറന്നതിന് ശേഷമാണ് അകത്ത് അകപ്പെട്ട ആൾക്ക് പുറത്തിറങ്ങാനായത്.
വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ള ശൗചാലയത്തിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വൈപ്പിൻപടി സ്വദേശി എത്തി പണം നൽകിയശേഷം ശൗചാലയത്തിനുള്ളിൽ പ്രവേശിച്ചു. അധികം താമസിക്കാതെ വൈദ്യൂതി ഓഫ് ചെയ്ത് കെട്ടിടം പൂർണ്ണമായും പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു. പ്രധാന കെട്ടിടത്തിന്റെയും, അകത്തെ രണ്ട് നിരകളിലെയും വാതിലുകൾ പൂട്ടിയിട്ടാണ് ജീവനക്കാർ പോയത്. ഇതോടെ ശൗചാലയത്തിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയായി. തുടർന്ന് ഇയാൾ വെന്റിലേഷനിലൂടെ മൊബൈൽ തെളിച്ചും, കൈകാട്ടിയും തൊട്ടടുത്ത ടൂറിസ്റ്റ് ഹോമിന് മുന്നിലുണ്ടായിരുന്നവരെ വരുത്തി. ഗ്രൗണ്ടിന്റെ ഗേറ്റും പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ ക്ഷേത്രോപദേശകസമിതിയുമായി ബന്ധപ്പെട്ട് ശൗചാലയത്തിലെ ജീവനക്കാരെ വിളിച്ചുവരുത്തി മുറി തുറന്നു. ഉപദേശകസമിതിക്കാണ് ശൗചാലയത്തിന്റെ നടത്തിപ്പ്. ശൗചാലയം രാത്രി എട്ട് മണിയാകുമ്പോൾ അടയക്കുകയാണ് പതിവ്. രാത്രിയിൽ എത്തുന്ന ഭക്തർക്ക് ശൗചാലയം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നുനുള്ള പരാതി പണ്ടുമുതലേ ഉള്ളതാണ്.