കോട്ടയം: ചങ്ങനാശേരി കോട്ടമുറി പുതുജീവൻ സൈക്യാട്രിക് കേന്ദ്രത്തിലെ ഒരു അന്തേവാസി കൂടി മരിച്ചു. ചാലക്കുടി സ്വദേശി ജോർജ് (58) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ മരിച്ചത്. ഇതോടെ മൂന്ന് പുനരധിവാസ കേന്ദ്രങ്ങളിലായി മരിച്ചവരുടെ എണ്ണം 11 ആയി. രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ജോർജിനെ ആശുപത്രിയിലാക്കിയത്. ഏഴു വർഷമായി പുതുജീവനിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

പുതുജീവൻ കേന്ദ്രത്തിൽ എട്ട് വർഷത്തിനിടയിൽ 33 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ജോർജ് മരിച്ചത്. തൃക്കൊടിത്താനം സി.ഐ സാജു വർഗീസ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പുതുജീവൻ അധികൃതർ ഏറ്റെടുത്ത് സംസ്കരിക്കും. ഇയാൾക്ക് രണ്ട് സഹോദരികൾ മാത്രമാണുള്ളത്. അവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചതായാണ് വിവരം.

ചേലക്കൊമ്പ് സഞ്ജീവിനി മാനസിക പുനരധിവാസ കേന്ദ്രത്തിലും മലകുന്നം ജീവൻജ്യോതിയിലും കോട്ടമുറി പുതുജീവനിലും അന്തേവാസികൾ തുടർച്ചയായി മരിക്കാനിടയാക്കിയത് ഒരു ബാച്ച് മരുന്നിന്റെ ഗുണനിലവാരമില്ലായ്മയാണെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. കഴിഞ്ഞദിവസം ഈ മൂന്നു കേന്ദ്രങ്ങളിൽ നിന്നും അമി സൾഫേറ്റ് എന്ന ഗുളികയുടെ സാമ്പിളുകൾ ഡ്രഗ്സ് കൺട്രോളർ ശേഖരിച്ചിരുന്നു. ഈ മരുന്നാണ് വില്ലനായതെന്നാണ് സംശയം.ഇതുസംബന്ധിച്ച റിപ്പോർട്ട് ഡ്രഗ്സ് കൺട്രോളർ ഇന്നോ നാളെയോ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

പുതിയ ബാച്ചിലുള്ള മരുന്നാണ് രോഗികൾക്ക് നല്കിയതെന്ന് ജീവൻ ജ്യോതി അധികൃതർ ആരോഗ്യവകുപ്പിന് വിശദീകരണം നല്കിയിരുന്നു. ഇതിനുശേഷമാണ് രോഗികൾക്ക് തളർച്ചയും മറ്റും അനുഭവപ്പെട്ടത്.

ചേലക്കൊമ്പ് സഞ്ജീവിനി മാനസിക പുനരധിവാസ കേന്ദ്രത്തിൽ മൂന്നു ദിവസത്തിനുള്ളിൽ നാലു പേരാണ് മരിച്ചത്. കൂടാതെ മലങ്കുന്നം ജീവൻജ്യോതി പുനരധിവാസ കേന്ദ്രത്തിൽ മൂന്നു പേർകൂടി മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ജില്ലയിലെ മൂന്ന് പുനരധിവാസ കേന്ദ്രങ്ങളിലായി പത്തു പേരാണ് മരിച്ചത്. പുതുജീവനിലും അടുത്തയിടെ മൂന്നു പേർ മരിച്ചത്. ഇവരുടെ എല്ലാവരുടെയും മരണകാരണം രക്തസമ്മർദ്ദം കുറഞ്ഞതാണെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്.