കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധത്തിന് കുടുംബശ്രീയും രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം കോട്ടൺ മാസ്‌ക്കുകൾ, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. മുപ്പത്തോളം യൂണിറ്റുകളാണ് ഇത്തരം നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരു യൂണിറ്റിൽ 450 മുതൽ 500 വരെ മാസ്‌ക്കുകളാണ് ദിവസേന തയ്യാറാക്കുന്നത്. ഇപ്രകാരം ദിവസേന പതിനായിരം മാസ്‌ക്കുകൾ നിർമിക്കുന്നുണ്ട്.
പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കുടുംബശ്രീ ഓഫീസുകളിൽ ആരംഭിക്കുന്ന കൗണ്ടറിൽ നിന്ന് മാസ്‌ക്കുകൾ വാങ്ങാവുന്നതാണ്. കളക്ടറേറ്റിലും മാസ്‌കുകൾ ലഭ്യമാണ്. കോട്ടയം, കുമാരനല്ലൂർ , നാട്ടകം, വാഴൂർ യൂണിറ്റുകളാണ് മാസ്‌ക്ക് നിർമ്മാണത്തിൽ സജീവമായിരിക്കുന്നത്. ഓർഡർ ലഭിക്കുന്നതിന്റെ മുറയ്ക്ക് യൂണിറ്റുകൾ മാസ്‌ക്ക് എത്തിച്ചുക്കൊടുക്കുകയാണ് പതിവ്. നൂറിലേറെ തൊഴിലാളികൾ ചേർന്ന് ഇതിനകം ഇരുപതിനായിരത്തോളം മാസ്‌ക്കുകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു.യൂണിറ്റുകളിൽ നിർമ്മിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ ഓർഡർ ലഭിക്കുകയാണെങ്കിൽ സ്വകാര്യ തയ്യൽ യൂണിറ്റുകളെ ആശ്രയിക്കാമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ സംസ്ഥാന മിഷനിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ ലഭിച്ചിട്ടുള്ളത്. കൂടാതെ ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ , സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ധാരാളം ഓർഡറുകൾ ഇതിനകം ജില്ലാ കുടുംബശ്രീ മിഷന് ലഭിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ (പ്രോഗ്രാം) കോർഡിനേറ്റർ പ്രശാന്ത് ശിവൻ പറയുന്നു.
മാസ്‌ക്ക് പലത്
പ്രതിരോധം ഒന്ന്
ഒരു ലെയർ, രണ്ട് ലെയറുകൾ, മൂന്ന് ലെയറുകൾ എന്നിങ്ങനെ വിവിധ തരം മാസ്‌ക്കുകളാണ് നിർമിക്കുന്നത്.10,15, 20 രൂപ നിരക്കിലാണ് ഇവ പൊതുജനങ്ങൾക്ക് നൽകുന്നത്. മൂന്നു ലെയറുകളുള്ളതിന് ആവശ്യക്കാർ കുറവാണെങ്കിലും ഓർഡർ കിട്ടുന്നതനുസരിച്ച് നിർമ്മിച്ച് നൽകുന്നുണ്ട്. ഏറ്റവും അധികം ആളുകൾ വാങ്ങി ഉപയോഗിക്കുന്നത് രണ്ട് ലെയർ മാസ്‌ക്കുകളാണ്. പൂർണമായും കോട്ടൺ ഉപയോഗിച്ചാണ് മാസ്‌ക്കുകൾ നിർമ്മിക്കുന്നത്. ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്തമാക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ ഉപയോഗിച്ച മാസ്‌ക്കുകൾ വലിച്ചെറിയുന്നതിലൂടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനാകും.