കോട്ടയം : കൊറോണ വൈറസിന്റെ കനത്ത തിരിച്ചടിയിൽ റബറും ഐസൊലേഷനിലായി. പ്രകൃതിദത്ത റബറിന്റെ വില ഉയരുമെന്ന പ്രതീക്ഷയ്ക്കിടെ ലോകത്തെ കടന്നാക്രമിച്ച കൊറാണ വൈറസ് വാഹന മേഖലയിലുൾപ്പെടെ റബർ ഉപഭോഗം വലിയ തോതിൽ കുറച്ചതോടെ വില ഇനിയും താഴ്ന്നേക്കുമെന്ന സൂചനയാണ് വിപണി നൽകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോഗ്രാമിന് 138 രൂപയിൽ നിന്ന് 10 രൂപയോളം താഴ്ന്നു. കൊറോണബാധ പ്രചരിപ്പിച്ച് ടയർ കമ്പനികൾ വില വീണ്ടും കുറച്ചു. ഉത്പാദനം കുറഞ്ഞിരിക്കെ ആവശ്യം കൂടുമെന്ന് കണ്ടെത്തി അവധിക്കച്ചവടക്കാർ വില 133 രൂപയായി ഉയർത്തിയെങ്കിലും ടയർ കമ്പനികൾ 130 രൂപയാക്കി കുറച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവ് ചൂണ്ടിക്കാട്ടിയായിരുന്നു ടയർലോബിയുടെ കളി.
കേരളത്തിലെ റബർ കർഷകർക്കാണ് കൂടുതൽ തിരിച്ചടി. വിപണി വില വ്യത്യാസം കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ പ്രയോജനം മാസങ്ങളായി ലഭിക്കുന്നില്ല .വേനലും കൊറോണയും വില ഇടിവും ഒന്നിച്ചാക്രമിച്ചതോടെ മിക്ക കർഷകരും ടാപ്പിംഗ് നിറുത്തി. ക്രൂഡോയിൽ വില വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ കൃത്രിമ റബറിനുണ്ടായ വില ഇടിവ് സ്വാഭാവിക റബറിനെയും പിടികൂടി.
പ്രധാന കാരണം
റബർ ഉപഭോഗത്തിൽ മുന്നിലായിരുന്ന ചൈനയിലെ വ്യവസായ മേഖല തിരിച്ചടി നേരിട്ടതാണ് വിലയിടിവിന് പ്രധാന കാരണമായത്. വൈറസ് ബാധ വന്നതോടെ ചൈനയിൽ വാഹന വില്പന നാമമാത്രമായി. പ്രകൃതിദത്ത റബറിന്റെ ആഗോള ഉപഭോഗം 2.7 ശതമാനം വർദ്ധിച്ച് ഈ വർഷം 14.177 മില്ല്യൺ ടണ്ണായി ഉയരുമെന്ന അസോസിയേഷൻ ഒഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ് (എ.എൻ.ആർ.പി.സി) കണക്ക് അപ്രസക്തമായി.
ഉത്പാദനം ഇനിയും കുറയും
2020 ലെ ഇന്ത്യയുടെ ഉത്പാദനം 1.3 ദശലക്ഷം ടണ്ണാകുമെന്നായിരുന്നു ഒരു മാസം മുൻപത്തെ പ്രവചനം. അതിപ്പോൾ 1.2 ദശലക്ഷം ടണ്ണായി കുറച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ കണക്ക് ഇനിയും താഴാനാണ് സാദ്ധ്യത. ഉത്പാദനത്തിനൊപ്പം ഉപഭോഗവും കുറഞ്ഞ സാഹചര്യത്തിൽ കൊറോണ റബറിന്റെ ഭാവിയിലും കരിനിഴൽ വീഴ്ത്തിയെന്ന് പറയാം.