കോട്ടയം: അപ്രതീക്ഷിതമായി കിട്ടിയ മൂന്ന് മാസത്തെ അവധിയിലാണ് അവരെല്ലാം. എന്നാൽ കളിയും ചിരിയും വീടിനകത്തും മുറ്റത്തും മാത്രം. ഫ്ളാറ്റിലുള്ളവരാണെങ്കിൽ പുറത്തേയ്ക്ക് ഇറക്കമില്ല. കറക്കം, സിനിമ, പാർക്ക് ഇതൊക്കെ ഇല്ലാതായതിൽ കുട്ടിക്കൂട്ടത്തിനുള്ള പരിഭവവും ചില്ലറയല്ല.

മൂന്നര വയസുകാരി അഥിരഥയ്ക്ക് പ്ളേസ്കൂളിൽ പോകാത്തതിന്റെ വിഷമം. കൂടെയുള്ളവർക്ക് പരീക്ഷയെഴുതേണ്ടാത്തതിന്റെ സന്തോഷം.

'മക്കളുടെ ഈ അവധിക്കാലത്തെ കളിയും മേളവുമൊക്കെ ഇങ്ങനെ തന്നെയാണ്. കുട്ടികളാരും പുറത്തേയ്ക്ക് പോകാറില്ല. അപ്രതീക്ഷിതമായി അവധി തുടങ്ങിയതോടെ ഇത്രയും ദിവസം ഇവരെ എന്തു ചെയ്യിക്കാം എന്നതാണു സംശയം''- രക്ഷിതാക്കളുടെ കമന്റിങ്ങനെ.

കൊറോണയുടെ പശ്ചാത്തലത്തിൽ കരുതൽ നിർദേശിച്ചിരിക്കുകയാണെങ്കിലും ആഹ്ളാദത്തിലാണ് കുട്ടിക്കൂട്ടങ്ങളെല്ലാം. രാവിലെ മുതലുള്ള കളിചിരി. എന്നാൽ ചിലർക്ക് ചില സങ്കടങ്ങളുമുണ്ട്. അവധിക്കാല ക്യാമ്പും ചിത്രരചനാ ക്ളാസും മ്യൂസിക് ക്ളാസുകളും ഇക്കുറി ഉണ്ടാകുമോയെന്ന ആശങ്ക. മറ്റ് ചിലർ ദിവസവും രാവിലെ യൂണിഫോം ഒക്കെ എടുത്തു വയ്ക്കും. ക്ലാസില്ലെന്നു പറഞ്ഞാലും കുറച്ചു സമയം യൂണിഫോം എടുത്തിടും. പുറത്തേക്കിറങ്ങരുതെന്ന് പറഞ്ഞാൽ കാർട്ടൂൺ കണ്ട് സമയം കളയും. പിന്നെ ചിത്രം വരയ്ക്കും, നിറം കൊടുക്കും. വീടനകത്ത് കൂടി സൈക്കിളോടിക്കും. ഒഴിവു സമയത്ത് കഥ പറഞ്ഞും പഠിപ്പിച്ചും രക്ഷിതാക്കളും കൂടെക്കൂടും. ചൂട് കൂടുതലായതിനാൽ പകലുറക്കവുമില്ല. റോഡിലൂടെ സൈക്കിളോടിക്കാനും പാർക്കിൽ കളിക്കാനും എന്ന് പറ്റുമെന്ന ചോദ്യവും ഇവർക്കെല്ലാമുണ്ട്.