വൈക്കം: സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കലാകാരന്മാരുടെ ക്ഷേമപെൻഷൻ സർക്കാർ നിറുത്തി വയ്ക്കരുതെന്ന് കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് മാളവിക സാംസ്കാരിക വകുപ്പിനോടു ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷമുണ്ടായ പ്രളയദുരന്തത്തിൽ നിന്ന് ഇപ്പോഴും മോചിതരാകാത്ത ഒരുപാടു ജീവിതങ്ങളുണ്ടിവിടെ. അതിൽ ഏറ്റവും കൂടുതൽ ദുരിതങ്ങളും തൊഴിലില്ലായ്മയും അനുഭവിക്കുന്നത് സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്ന കലാകാരന്മാരാണ്. ഇനിയുള്ള മാസങ്ങളിലും ആഘോഷങ്ങൾ വേണ്ടെന്ന് വച്ചാൽ കേരളത്തിലെ മുഴുവൻ കലാകാരന്മാരും അവരുടെ കുടുംബങ്ങളും പട്ടിണിയുമാകുമെന്നും പ്രദീപ് മാളവിക പറഞ്ഞു. 12 ലക്ഷത്തിനു മുകളിൽ വേണം ഒരു പ്രൊഫഷണൽ നാടകം അരങ്ങിലെത്താൻ. മാർച്ച്, ഏപ്രിൽ തുടങ്ങിയ ഏറ്റവും നല്ല സീസൺ സമയത്ത് പരിപാടി അവതരിപ്പിച്ചു വേണം ഈ മുടക്കിയ പണം തിരിച്ചു പിടിക്കാൻ. ഈ സമയത്താണ് കൊറോണ മൂലം മുഴുവൻ പ്രോഗ്രാമുകളും നിറുത്തി വയ്ക്കേണ്ടി വന്നത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്ന സർക്കാരിന്റെ അഭിപ്രായത്തോട് പൂർണമായും യോജിച്ചുകൊണ്ട് ആരോഗ്യവകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരും കൂട്ടായി ഒരു മനസോടെ രാഷ്ട്രീയം നോക്കാതെ ഒന്നിച്ച് നിൽക്കണമെന്നും കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.