പാലാ : വികസനക്കുതിപ്പിൽ വീർപ്പുമുട്ടുന്ന പാലാ നഗരത്തിന് പൊതുഇടങ്ങൾ നഷ്ടമാകുന്നു. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനനഗരിയെന്ന പദവി വഹിക്കുമ്പോൾ തന്നെ നഗരത്തിന് വേണ്ട മൈതാനങ്ങൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
മുനിസിപ്പൽ മൈതാനം സിന്തറ്റിക് സ്റ്റേഡിയമായി മാറിയപ്പോൾ കുട്ടികൾക്ക് നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ട കളിസ്ഥലമാണ്. മുതിർന്ന പൗരർക്ക് നഷ്ടപ്പെട്ടത് അവരുടെ ഇരിപ്പിടമാണെങ്കിൽ നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് നഷ്ടമായത് തണൽ നൽകിയിരുന്ന വിശ്രമകേന്ദ്രമാണ്. അടച്ചുകെട്ടിയ മൈതാനം കത്തുന്ന വെയിലിൽ പുറത്തുനിന്ന് നോക്കികാണാനാണ് ഇപ്പോൾ നഗരത്തിലെത്തുന്നവരുടെ വിധി.

മുനിസിപ്പൽ പാർക്കാകട്ടെ ചെടികളും പൂക്കളുമെല്ലാം നഷ്ടപ്പെട്ട് പാർക്കെന്ന് പറയാൻ പറ്റാത്ത നിലയിലാണ്. പൂച്ചെടികളെല്ലാം വെട്ടിനശിപ്പിച്ച് ഇരിപ്പിടങ്ങളെല്ലാം എടുത്തുമാറ്റി ടൈലുകൾ നിരത്തി കോൺക്രീറ്റ് ഇട്ടതോടെ പാർക്ക് എന്നത് പേരിൽ മാത്രമായി. ദീർഘവീക്ഷണമില്ലാതെ പാർക്കിന്റെ മദ്ധ്യഭാഗത്ത് സ്റ്റേജ് പണിതതാണ് നാശത്തിന് ഇടയാക്കിയത്. പുല്ലും കളകളും കരിയിലയും നിറഞ്ഞ പാർക്ക് വൃത്തിയാക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം.

മരങ്ങൾ വെട്ടിമാറ്റുന്നതോ വികസനം

നഗരപാതകളിലും ബസ് സ്റ്റാൻഡിലും മരങ്ങളെല്ലാം വെട്ടി പൊതുഇടങ്ങൾ ഇല്ലാതാക്കുന്ന വികസനമാണ് നടക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കുള്ള വിശ്രമകേന്ദ്രം കച്ചവടക്കാർക്ക് നല്കി ജനങ്ങളെ ആസ്ബറ്റോസ് ഷീറ്റിന് കീഴിൽ ഇരുത്തി പൊരിവെയിലിൽ ചൂട് പൊള്ളിക്കുകയാണ്. താലൂക്ക് ആസ്ഥാനമെന്ന നിലയിൽ നഗരത്തിന് ചേർന്ന വിശ്രമകേന്ദ്രങ്ങൾ ടൗൺ സ്റ്റാൻഡിലില്ല. കെ.എസ്.ആർ.ടി.സിയ്ക്കടുത്തും ളാലം പാലത്തിനോട് ചേർന്നുമുള്ള പൊതുഇടങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സംരക്ഷിക്കാൻ നടപടി വേണം
ജില്ലയിലെ രണ്ടാമത്തെ നഗരമെന്ന നിലയിൽ വളരുന്ന പാലാ നഗരത്തിന് ആധുനിക നഗരസംവിധാനങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പൊതുഇടങ്ങൾക്കുള്ള പ്രാധാന്യം മനസിലാക്കിയുള്ള സംരക്ഷണ നടപടികൾ ഉറപ്പുവരുത്തണമെന്ന് കൺവീനർ സണ്ണി പനയ്ക്കച്ചാലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പാലാ 2020 വികസന കൂട്ടായ്മയോഗം ആവശ്യപ്പെട്ടു.