കോട്ടയം: കൊറോണ വൈറസ് ബാധ ജില്ലയിലെ വിനോദ സഞ്ചാരമേഖലയെയും തളർത്തി. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മൂവായിരത്തോളം തൊഴിലാളികളും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ആഭ്യന്തരവിദേശ ടൂറിസ്റ്റകളുടെ വരവ് 10 ശതമാനത്തിൽ താഴ്ന്നു. നവംബർ മുതൽ മാർച്ച് വരെ വിദേശ ടൂറിസ്റ്റുകളുടെയും ഒപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെയും വരവ് ആശ്വാസകരമായിരുന്നു. കഴിഞ്ഞ രണ്ട് മഹാപ്രളയത്തിന് ശേഷം ടൂറിസം മേഖല അല്പം മെച്ചപ്പെട്ട് വരുമ്പോഴാണ് കൊറോണയുടെ വ്യാപനം. ജില്ലയിൽ രജിസ്‌ട്രേഷനുള്ള 800ൽ അധികവും അത്രയും തന്നെ രജിസ്‌ട്രേഷൻ ഇല്ലാത്ത ഹൗസ് ബോട്ടുകളും പ്രവർത്തിക്കുന്നുണ്ട്. വിദേശികളുടെ വരവ് അഞ്ച് ശതമാനത്തിൽ താഴെയാണ്. ഇത് ഹൗസ് ബോട്ട് മേഖലയെ മാത്രമല്ല വ്യാപാര മേഖലയിലും സാമ്പത്തിക തകർച്ച ഉണ്ടാക്കി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഹൗസ്‌ബോട്ട് മേഖലയുടെ പ്രവർത്തനം പൂർണമായും നിശ്ചലമാകും. ഇപ്പോൾ തന്നെ സുരക്ഷയുടെ പേരിൽ ഭൂരിഭാഗം ബുക്കിംഗ് ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമെത്തിയ സഞ്ചാരികളുടെ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് താത്കാലികമായി ഓഫീസുകൾ അടച്ചിട്ടിരിക്കുന്നത്. വേനൽ അവധിയായതിനാൽ ലഭിച്ച ബുക്കിംഗിൽ 97ശതമാനവും റദ്ദാക്കി. കുമരകവുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം പാക്കേജ് കാൻസൽ ചെയ്തതോടെ ഹൗസ് ബോട്ടുകളെല്ലാം കെട്ടിയിട്ടിരിക്കുകയാണ്.

സ്തംഭിച്ച പ്രധാന ടൂറിസം കേന്ദ്രങ്ങൾ

കുമരകം, വാഗമൺ, ഇല്ലിക്കക്കല്ല്

ജലഗതാഗത വകുപ്പിനും ഇരുട്ടടി

കോട്ടയം-ആലപ്പുഴ ബോട്ട് സർവീസിൽ നിന്നുള്ള വരുമാനം പകുതിയിലും താഴെയായി. നേരത്തെ 9000 രൂപ വരെയായിരുന്നു പ്രതിദിന വരുമാനം. ഇത് നാലായിരത്തിലേക്ക് ഇടിഞ്ഞു. എന്നാലും ബോട്ട് സർവീസുകൾക്ക് മുടക്കമില്ല.