കോട്ടയം: ചൊവ്വാഴ്ച 38.6 ഡിഗ്രി സെൽഷ്യസെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തി കോട്ടയം. മുൻപ് പുനലൂരും പാലക്കാട്ടും മാത്രമാണ് ഇത്ര ചൂട് രേഖപ്പെടുത്തിട്ടുള്ളത്.

ദിവസങ്ങളായി കോട്ടയത്ത് 38.5 ഡിഗ്രിയായിരുന്നു താപനില. സംസ്ഥാനത്ത് അനുഭവപ്പെട്ട ഏറ്റവും ഉയർന്ന പകൽ താപനിലയും കോട്ടയത്താണ്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് ഉയരാറുണ്ടെങ്കിലും ഇത്ര ഉയരുന്നത് ഇതാദ്യമാണ്. ഫെബ്രുവരിയിൽ പകുതിയോളം ദിവസങ്ങളിൽ ശരാശരിയേക്കാൾ 2- 3 ഡിഗ്രി കൂടുതലായിരുന്നു പകൽ താപനില. രണ്ടു ദിവസം 38.5 ഡിഗ്രിയെന്ന ഫെബ്രുവരിയിലെ റെക്കാഡിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ചൂട് പെട്ടെന്നു താഴുകയും ജില്ലയിലാകമാനം മഴപെയ്യുകയും ചെയ്തെങ്കിലും വീണ്ടും ചൂട് ഉയരുകയായിരുന്നു.
സാധാരണയേക്കാൾ 3 -4 ഡിഗ്രി പകൽ താപനില ഉയരുമെന്ന് ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല.