പാലാ : പൈക സെക്ഷൻപരിധിയിൽ വരുന്ന പൂവരണിയിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം ഉപഭോക്താക്കളെ വലയ്ക്കുന്നു. എസ്.എസ്.എൽ.സി, യൂണിവേഴ്‌സിറ്റി പരീക്ഷകൾ നടക്കുന്ന സമയത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറുകളോളമാണ് വൈദ്യുതി തടസപ്പെടുന്നത്. ഇന്നലെ പകൽ മുഴുവൻ പൂവരണി ഭാഗത്ത് വൈദ്യുതിയില്ലായിരുന്നു. അസഹനീയമായ ചൂടിൽ നാട്ടുകാർ വെന്തുരുകുമ്പോഴാണ് ഉച്ചസമയത്തുപോലും വൈദ്യുതി മുടക്കം. കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചാൽ അറ്റകുറ്റപ്പണിയാണെന്ന മുടന്തൻന്യായമാണ് പറയുന്നത്. അധികൃതരുടെ നടപടിക്കെതിരേ വകുപ്പുമന്ത്രിക്കും ഉന്നതാധികൃതർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

വ്യാപാരികളും ബുദ്ധിമുട്ടിൽ
വൈദ്യുതിമുടക്കം വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഡി.ടി.പി സെന്റർ, പൊടിമില്ലുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽഷോപ്പുകൾ അടക്കമുള്ള സ്ഥാപനങ്ങളെയാണ് കൂടുതൽ വലയ്ക്കുന്നത്. വൈദ്യുതിമുടക്കത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനിയർക്ക് പരാതി നൽകി. രാമപുരം മാർക്കറ്റ് ജംഗ്ഷൻ മുതൽ സബ്‌സ്‌റ്റേഷൻ വരെ രാത്രികാലങ്ങളിൽ വഴിവിളക്കുകളും സ്ഥിരമായി കത്തുന്നില്ല.