പൊൻകുന്നം : വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ മുളകുസ്‌പ്രേ ചെയ്ത് രക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രാമപുരം മങ്കുഴിച്ചാലിൽ അമൽ വിനോദ് (19) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് പൊൻകുന്നം-മണിമല റോഡിൽ മഞ്ഞപ്പള്ളിക്കുന്നിന് സമീപമായിരുന്നു സംഭവം. ചെത്തിപ്പുഴ പുതുച്ചിറ ചൂരപ്പറമ്പിൽ സിനോ ദേവസ്യ(19)യെ അന്ന് തന്നെ പിടികൂടിയിരുന്നു. പത്തനാട് സ്വദേശി അഭിൻ (20) കൂടി ഇനി പിടിയിലാകാനുണ്ട്. ഒളിവിൽ പോയ അമലിനെ കമ്പം ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ പ്രതികളുടെ പേരിൽ മോഷണം, വധശ്രമം, ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കൽ തുടങ്ങിയ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ, എസ്.എച്ച്.ഒ വിജയരാഘവൻ, എസ്.ഐ കെ.ബി.സാബു, സി.പി.ഒമാരായ അനിൽ, രാജേഷ്, ജോഷി, സൈബർ സെൽ വിദഗ്ദ്ധൻ കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.