prethikal

കോട്ടയം: പത്തു കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടി. മാനന്തവാടി കല്യോട്ട്കുന്ന് ഭാഗം ആലയ്ക്കൽ റഫീക്ക് (37), മേപ്പാടി ഭാഗം പുതുപ്പറമ്പിൽ റഫീദ് (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മൊത്തവിതരണം ചെയ്യുന്നത് പ്രതികൾ രണ്ടു പേരും ചേർന്നാണെന്ന് ജില്ലാ പൊലീസ് മേധാവിയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരു മാസത്തോളമായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ഫോൺ നമ്പരുകളും സൈബർ സെല്ലിലെ മനോജ്, രാജേഷ്, ജോർജ്, ശ്രാവൺ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതികൾ ട്രെയിനിൽ പുറപ്പെട്ടതായി അറിഞ്ഞത്. പ്രതികൾ അറിയാതെ പൊലീസും ഇവരെ പിൻതുടർന്നു. കഞ്ചാവ് ഒളിപ്പിച്ച ബാഗുകൾ വിവിധ കമ്പാർട്ട്മെന്റിലെ ലഗേജ് കാരിയറിൽ മാറ്റിയിട്ട ശേഷമായിരുന്നു പ്രതികളു‌ടെ യാത്ര . ബാഗുമായി തങ്ങൾക്കു ബന്ധമില്ലാത്ത രീതിയിൽ മാറിയിരുന്ന ഇവരെ പൊലീസ് രഹസ്യമായി നീരീക്ഷിച്ചു. ബാഗ് പിടിച്ചെടുത്താൽ ഉടമസ്ഥരെയും ഉടമസ്ഥരെ പിടികൂടിയാൽ ബാഗും കണ്ടെത്താനാവാത്ത സ്ഥിതിയായിരുന്നു.

ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതികൾ ഇവിടെ നിന്ന് വാഹനത്തിൽ മണർകാട് നാലുമണിക്കാറ്റിലേയ്ക്കു വന്നു. ഇവിടെ ഇടപാടുകാരന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ, എസ്.ഐ രാജൻ, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, അരുൺ എസ്, നർക്കോട്ടിക്ക് സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രഭാനു എന്നിവർ ചേർന്നു പ്രതികളെ പിടികൂടുകയായിരുന്നു.