പാലാ : ഭരണങ്ങാനം എസ്.ബി.ഐ ശാഖയിൽ നിന്ന് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. വിളക്കുമാടം തറപ്പേൽ ആനി ജോസഫാണ് (അനി സെബാസ്റ്റ്യൻ- 48) പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ മനോജിന്റെ ഭാര്യയാണിവർ. സി.ഐ വി.എ.സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രഞ്ജിനി തുടങ്ങിയവർ ചേർന്നാണ് ഇവരെ വീട്ടിൽനിന്ന് പിടികൂടിയത്. ആനി ജോസഫും ഭർത്താവും ചേർന്ന് 30 ലക്ഷം രൂപയാണ് വ്യാജരേഖ സമർപ്പിച്ച് തട്ടിയെടുത്തതെന്നും ഇതുസംബന്ധിച്ച രേഖകൾ ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനോജടക്കം ഇരുപതോളം പ്രതികൾ ഒളിവിലാണ്. ഇതുവരേയുള്ള കണക്കനുസരിച്ച് രണ്ടുകോടി 48 ലക്ഷം രൂപ തട്ടിയെടുത്തതായാണ് സൂചന. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ബി.ഐ വിജിലൻസ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ ചില ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് സൂചന.