kurinjimuk-kinar

ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഇത്തിത്താനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പൊതുകിണറുകൾ ശുചീകരിക്കാതെ അധികാരികളുടെ നിസംഗത. പുത്തൻകോളനിയിൽ ആറ് പൊതുകിണറുകളാണുള്ളത്. ഇവയിൽ പലതും വർഷങ്ങളായി തേകാതെ കിടക്കുന്നതിനാൽ നശിക്കുകയാണ്. ഒൻപതാം വാർഡിൽ കുറിഞ്ഞിമുക്കിലും കല്ലപ്പള്ളി ഭാഗത്തുമായി രണ്ടു പൊതുകിണറുകൾ ഉണ്ട്. കടുത്തവേനലിലും വറ്റാത്ത കിണറാണ് കുറിഞ്ഞിമുക്കിലേത്. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഈ കിണർ വൃത്തിയാക്കാതെ കാടുപിടിച്ചു കിടക്കുകയാണ്. കാർഗിൽ ജംഗ്ഷൻ മുതൽ കല്ലപ്പള്ളി ഭാഗം വരെയുള്ള വീട്ടുകാരുടെ ആശ്രയമാണ് ഈ കിണറുകൾ. കല്ലപ്പള്ളി ഭാഗത്തുള്ള കിണർ കുറച്ചുകൂടി ആഴം കൂട്ടിയാൽ കൂടുതൽ വെള്ളം കിട്ടുമെന്ന് പ്രദേശവാസികൾ പറയുന്നു. എല്ലാവർഷവും ഈ കിണറുകളുടെ ശുചീകരണത്തെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികാരികളെ അറിയിക്കാറുണ്ടെങ്കിലും നടപടികളുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പതിമൂന്നാം വാർഡിൽ വാഴയിൽ ഭാഗത്തും കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ജലനിധി പദ്ധതിയോ പൊതുകിണറുകളോ കിയോസ്‌ക് വാട്ടർ ടാങ്കുകളോ ഒന്നും തന്നെ ഇവിടെയില്ല. പ്രദേശവാസികളുടെ ആശ്രയമായിരുന്ന കണ്ണന്തറ-മലകുന്നം റോഡിൽ സ്ഥാപിച്ചിരുന്ന കുഴൽക്കിണർ ഇപ്പോൾ ഉപയോഗശൂന്യമായി മാറി. കണ്ണന്തറ-ആനക്കുഴി ഭാഗത്തും ജലദൗർലഭ്യം കടുത്തു.

 കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം

കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഇത്തിത്താനത്തെ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചും ഇവിടെ സ്ഥാപിച്ചിരിക്കുന്ന കിയോസ്‌ക് വാട്ടർ ടാങ്കുകളിൽ വെള്ളം നിറച്ചും പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ ഗ്രാമപഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ കുടിവെള്ളപ്രശ്‌നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്താനും യോഗം തീരുമാനിച്ചു. പ്രസന്നൻ ഇത്തിത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജു എസ്. മേനോൻ, അജയൻ ചേരാമ്പേരി, അജിമോൻ ടി.വി., അഡ്വ. കെ.പി. പ്രശാന്ത്, വി.ജി. ശിവൻകുട്ടിനായർ എന്നിവർ സംസാരിച്ചു.

 ഈ പ്രദേശങ്ങൾ കടുത്ത വരൾച്ചയിലേക്ക്

പുളിമൂട് അംബേദ്ക്കർ സെറ്റിൽമെന്റ് കോളനി, കാർഗിൽ, വാഴയിൽ ഭാഗം, ചാലയിൽ ഭാഗം, പൊടിപ്പാറ, ജീരകക്കുന്ന്, മാത്തൻകുന്ന്, പൊൻപുഴപൊക്കം, തച്ചുകുന്ന്, ചാലച്ചിറ തോട്ടുപുറമ്പോക്ക്, കല്ലുകടവ് പൊക്കം, പീച്ചാങ്കേരി