കോട്ടയം : ജില്ലയിൽ ഇന്നലെ ആരെയും രോഗലക്ഷണവുമായി കണ്ടെത്തിയിട്ടില്ല. മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളെകൂടി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. വിദേശത്തുനിന്നും തിരിച്ചെത്തിയ ഈരാറ്റുപേട്ട സ്വദേശിയെയാണ് ഒഴിവാക്കിയത്. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നത് ഏഴുപേരായി ചുരുങ്ങി. ഇന്നലെ റെയിൽവേസ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആർക്കും രോഗലക്ഷണം കണ്ടെത്തിയിട്ടില്ല.
വിദേശത്തുനിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വീട്ടമ്മയെയും മകളെയും മകനെയും ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. 15കാരി മകൾക്ക് പനി കലശലായതിനെ തുടർന്നാണ് മൂവരെയും ആശുപത്രിയിലാക്കിയത്. എന്നാൽ കൊറോണയുടെ ലക്ഷണങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നുളള കുടുംബത്തെ ചികിത്സിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിലാണ്. പനി ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ സ്രവങ്ങൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്കയച്ചു. തിരുവല്ലയിലെ ഒരു ഡോക്ടറും വീട്ടിൽ നിരീക്ഷണത്തിലാണ്. കൊറോണ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരെ ചികിത്സിച്ച ഡോക്ടറാണിത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നെഗറ്റീവായിരുന്നു.
പമ്പയിൽ 7554 തീർത്ഥാടകരെ മീന മാസപൂജ കാലയളവിൽ സ്‌ക്രീനിംഗ് നടത്തി. പനി ലക്ഷണങ്ങൾ കാണിച്ച രണ്ടുപേരെ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പിന്നീട് നാട്ടിലേക്ക് അയച്ചു.
തിരുവല്ല താലൂക്കിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 14 പേരെകൂടി ഗാർഹിക നിരീക്ഷണത്തിലായി. ഇന്നലെ നിരീക്ഷണത്തിലായ 14 പേരും വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്.
കൊറോണ ആദ്യം സ്ഥിരീകരിച്ച റാന്നി താലൂക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ 567പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ച ഏത്തല ഗ്രാമം ഉൾപ്പെടുന്ന പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ 190 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
അതേസമയം, കൊറോണ ബാധിതരുമായി അടുത്തിടപഴകിയ വൈദികനെയും ശുശ്രൂഷ നടത്തിയ പള്ളിയിലെ വിശ്വാസികളെയും നിരീക്ഷണത്തിലാക്കി. കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികളുടെ കോട്ടയത്തെ ബന്ധുക്കളുമായി അടുത്തബന്ധം പുലർത്തിയ വൈദികനാണ്, ഇരവിപേരൂരിലെ ഒരു പള്ളിയിൽ ശുശ്രൂഷ നടത്തിയതോടെ വിശ്വാസികളെയും ആശങ്കയിലാക്കിയത്. പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത ഏഴു വിദ്യാർത്ഥികൾ ഉൾപ്പെടെ അൻപതോളം അംഗങ്ങൾക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോട്ടയം ചിങ്ങവനം സ്വദേശിയായ വൈദികനും വീട്ടിൽ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈമാസം വരെ ഇവരുടെ നിരീക്ഷണം തുടരേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.