കോട്ടയം: വേനൽക്കാലം എത്തും മുമ്പേ കനത്ത ചൂടിൽ വെന്തുരുകി കേരളം. നിലവിൽ ഓരോദിവസവും സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ചൂടിന്റെ അളവ് ശരാശരി 35 ഡിഗ്രിവരെയാണ്. അതെ സമയം ചൊവ്വാഴ്ച 38.6 ഡിഗ്രി സെൽഷ്യസെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് കോട്ടയത്തിൽ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന പകൽ താപനിലയും കോട്ടയത്താണ്.
മുമ്പ് പുനലൂരും പാലക്കാട്ടും മാത്രമാണ് ഇത്രയും ചൂട് രേഖപ്പെടുത്തിട്ടുള്ളത്. വരുന്ന ദിവസങ്ങളിൽ മധ്യകേരളത്തിൽ താപനില രണ്ട് മുതൽ മുന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് 38.5 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. സാധാരണ മാർച്ച് മാസത്തിൽ ചൂട് ഉയരാറുണ്ടെങ്കിലും ഇത്രയും വർദ്ധിക്കുന്നത് ഇതാദ്യമാണ്.
രാത്രിയിൽ 20 ഡിഗ്രിയുണ്ടായിരുന്ന താപനിലയുടെ അളവ് ഇപ്പോൾ 27 വരെ കൂടിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നു. കോട്ടയം , പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം ചെറിയതോതിൽ മഴ രേഖപെടുത്തിയിരുന്നു.