കോട്ടയം: ജില്ലയിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ 12 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും വിദഗ്ദ്ധ പരിശോധന നടത്തും. രോഗികൾക്ക് നല്കിയ മരുന്നിന് നിശ്ചിത നിലവാരമില്ലെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോളർ ഇന്നലെ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കിയിരുന്നു. എന്നാൽ, മരുന്ന് കാരണമാണ് മരണമെന്ന് ഉറപ്പിച്ച് പറയാൻ സാധിച്ചിട്ടില്ല. വൈറോളജി പരിശോധനകളിൽ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടുമില്ല. ഇതിനാലാണ് വിദഗ്ധ പരിശോധന നടത്തുന്നതെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു പറഞ്ഞു.
കോട്ടമുറി പുതുജീവൻ കേന്ദ്രത്തിൽ നാലുപേരും നെടുംകുന്നം സഞ്ജീവനിയിൽ അഞ്ചുപേരും കുറിച്ചി ജീവൻജ്യോതിയിൽ മൂന്നു പേരുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 12 ആയി. മൂന്നു കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പ് വിശദ പരിശോധന നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവർക്ക് നല്കിയിരുന്ന മരുന്നുകൾ ഒന്നുതന്നെയായിരുന്നു. മാത്രമല്ല, ഒരേ ബാച്ചിലുള്ള മരുന്നുകളുമായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് നിലവാരമില്ലെന്ന് ഡ്രഗ്സ് കൺ ട്രോൾ വിഭാഗം കണ്ടെത്തിയത്. ഇതോടെയാണ് മരുന്നാണ് മരണത്തിന് കാരണമെന്ന് സംശയം ഉയർന്നത്. അതേസമയം, ഇന്നലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പുതുജീവൻ കേന്ദ്രത്തിലെ അന്തേവാസി ചാലക്കുടി സ്വദേശി ജോർജിന്റെ (58) മൃതദേഹം ഇന്ന് പൊതുശ്മശാനത്തിൽ സംസ്കരിക്കും.