പാലാ: എസ്.ബി.ഐ ഭരണങ്ങാനം ശാഖയിൽ വ്യാജരേഖ സമർപ്പിച്ച് കോടികൾ തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അൻപതോളം പേരിലേയ്ക്കാണ് അന്വേഷണം നീളുന്നതെന്നാണ് അറിയുന്നത്. ഇതിനിടയിൽ നാലു പേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന പ്രതികളായ രണ്ടു പേർ ഒളിവിലാണ്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ അതിസൂഷ്മമായാണ് പൊലീസ് കരുക്കൾ നീക്കുന്നത്.

പാലാ സ്വദേശികളായ സിബി, ജയ്‌സൺ. കൊല്ലപ്പിള്ളി സ്വദേശിനി മണിക്കുട്ടി, കേസിലെ പ്രധാന പ്രതി പൂവരണി വിളക്കുമാടം തറപ്പേൽ മനോജിന്റെ ഭാര്യ ആനി ജോസഫ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. പ്രധാന പ്രതികളായ മനോജും, ഉല്ലാസും ഒളിവിലാണെന്ന് പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് പറഞ്ഞു. 2015 ൽ യഥാർത്ഥ രേഖകൾ നല്കി ഭവന വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച് വിശ്വാസ്യത നേടിയ ശേഷമാണ് ഇതിൽ ഒരാൾ തട്ടിപ്പ് നടത്തിയത്. ഇവർ മാത്രം ഒന്നേകാൽ കോടി രൂപ തട്ടിയെടുത്തു.
സമീപത്തെ വില്ലേജുകളിലെ വ്യാജ രേഖകളാണ് ലോണിനായി ഇവർ ബാങ്കിൽ നൽകിയത്. എന്നാൽ, സമാനരീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ നല്കിയ പരാതിയിൽ പറയുന്നു. 1.26 കോടി രൂപ തട്ടിയവരും കൂട്ടത്തിലുണ്ട്.