കാഞ്ഞിരപ്പള്ളി: ഏറെത്തിരക്കുള്ള പേട്ടക്കവലയിൽ ഈരാറ്റുപേട്ട റോഡിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനുള്ള പദ്ധതി പാളി. എം.എൽ.എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള തർക്കം മൂലമാണ് പദ്ധതി മുടങ്ങിയത്. രണ്ടുവർഷം മുമ്പാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കിയത്. പൊളിച്ചവർ തന്നെ പുതിയത് പണിയുമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
ഇതോടെ ജനം പരാതിയുമായി അധികൃതരെ സമീപിച്ചു. തുടർന്നാണ് ആധുനിക സൗകര്യങ്ങളോടെ വെയിറ്റിംഗ്‌ ഷെഡ് നിർമ്മിച്ചുനൽകാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റത്. പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം പണിയും തുടങ്ങി. അപ്പോഴാണ് എം.എൽ.എ എൻ. ജയരാജ് ഇടപെട്ട് പണി നിറുത്തിച്ചത്. വെയിറ്റിംഗ് ഷെഡ് നിർമ്മാണം തടയണമെന്ന് എം.എൽ.എ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകുകയായിരുന്നു.
ഇതേ സ്ഥലത്തോടനുബന്ധിച്ച് ചിറ്റാർപുഴയ്ക്കു മീതെ കോൺക്രീറ്റ് ചെയ്ത് ഓപ്പൺ എയർ സ്റ്റേജ്, മിനി പാർക്ക്, പാർക്കിംഗ് കേന്ദ്രം എന്നിവ നിർമ്മിക്കാനുള്ള പദ്ധതിയാണ് എം.എൽ.എ വിഭാവന ചെയ്യുന്നത്. അടുത്തമാസം പണി ആരംഭിക്കാനിരിക്കെയാണ് വെയിറ്റിംഗ് ഷെഡ് നിർമ്മാണം തുടങ്ങിയത്. രണ്ടുപദ്ധതിക്കും തടസം വരാതെ സ്ഥാനം മാറ്റി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. എന്നാൽ തന്റെ പുതിയ പദ്ധതിക്കുമുമ്പിൽ വെയിറ്റിംഗ് ഷെഡ് തടസമാകുമെന്ന നിലപാടിലാണ് എം.എൽ.എ. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായിരുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയതോടെ പൊരിവെയിലും പെരുമഴയുമേറ്റ് വലയുകയാണ് യാത്രക്കാർ. ജനപ്രതിനിധികൾ തർക്കം മതിയാക്കി നാടിന്റെ വികസനത്തിനായി ഒന്നിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.