പൊൻകുന്നം : കൊറോണ ഭീതിയിൽ ഉത്സവങ്ങൾ,പൊതുയോഗങ്ങൾ, വിവാഹ ആഘോഷങ്ങൾ, സ്‌കൂൾ വാർഷികാഘോഷം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തിരിച്ചടിയായത് മൈക്ക് സെറ്റ് ഉടമകൾക്കും ഓപ്പറേറ്റർമാർക്കും. മിക്ക മൈക്ക്‌സെറ്റ് ഉടമകൾക്കും മേയ്മാസം വരെ പരിപാടികൾ ബുക്കിംഗായതാണ്. ഒരു വർഷത്തെ വരുമാനം ബാലൻസ് ചെയ്യുന്നത് ഈ മൂന്നുനാലു മാസത്തെ സീസൺ വർക്കുകൾകൊണ്ടാണ്. അതാണ് ഇല്ലാതായത്.
കാറ്ററിംഗ് ആന്റ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് മറ്റൊരു വിഭാഗം. പാചകം മുതൽ പന്തൽ വരെ ഒരു വിവാഹത്തിന്റെ മുഴുവൻ ചുമതലകളും ഏറ്റെടുത്ത് നടത്തുന്നത് ഇവരാണ്. നൂറുകണക്കിനാളുകളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. പല വിവാഹ പന്തലുകളിലും വിളമ്പാനെത്തുന്നത് കോളേജ് വിദ്യാർത്ഥികളടക്കമുള്ള യുവാക്കളാണ്. സ്ഥിരവരുമാനമില്ലാത്ത ഇവർക്ക് വട്ടച്ചെലവടക്കം പലകാര്യങ്ങൾക്കും വീട്ടുകാരെ ആശ്രയിക്കാതെ കഴിയാമെന്നത് മാത്രമല്ല കിട്ടുന്നതിൽ ഒരു വീതം വീട്ടുകാർക്കും നൽകിയിരുന്നു. വിവാഹ ആൽബങ്ങൾ ഒരുക്കിയിരുന്ന ഫോട്ടോഗ്രാഫർമാർക്കും പണിയില്ലാതായി.
വിവാഹമുഹൂർത്തങ്ങൾ ആൽബങ്ങളായി മാറുമ്പോൾ ലക്ഷങ്ങൾ മുടക്കാൻ മടിയില്ലാത്തവരാണേറെയും. ഉത്സവങ്ങൾ ഇല്ലാതായപ്പോൾ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ദുരിതമായി. നടി-നടന്മാരും നർത്തകരും മാത്രമല്ല സ്‌റ്റേജ്, കർട്ടൺ അലങ്കാരം തുടങ്ങി സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവരുടേയും സകല പ്രതീക്ഷകളും തകർന്നു. ഹോട്ടലുകളിൽ കച്ചവടം കുറയുകയും ചില ഹോട്ടലുകൾ അടച്ചിടുകയും ചെയ്തതോടെ തൊഴിൽ നഷ്ടമായ ചില 'അണിയറ' പ്രവർത്തകരുണ്ട്. ഹോട്ടലുകളിലേക്കാവശ്യമായ അപ്പം , ചപ്പാത്തി, ചെറുകടികൾ തുടങ്ങിയവ വീടുകളിൽ ഉണ്ടാക്കി കൃത്യസമയത്ത് ഹോട്ടലുകളിൽ എത്തിച്ചിരുന്നവർ. ഇതുകൊണ്ടുമാത്രം ജീവിച്ചിരുന്നവരാണ് ഈ മേഖലയിലുള്ള പലരും. വിവാഹങ്ങൾ മാറ്റിവെച്ചതും,ചടങ്ങുമാത്രമായി ഒതുങ്ങിയതും മൂലം ഇറച്ചി-മത്സ്യ വില്പനയും കുറഞ്ഞു.
ഉത്സവങ്ങൾക്ക് ശബ്ദവും വെളിച്ചവും പകർന്നു നൽകുന്നവരാണ് ഞങ്ങൾ. ആർക്കും നികത്താനാകാത്ത നഷ്ടമാണ് ഞങ്ങൾക്കുണ്ടായത്. പരിപാടി ഇല്ലെങ്കിലും സ്ഥിരം ജീവനക്കാർക്ക് ദിവസവും ചെലവ് കാശെങ്കിലും കൊടുക്കണം. ബുക്ക് ചെയ്ത മുഴുവൻ പരിപാടികളും അനിശ്ചിതത്വത്തിലായി.
ഇ.എസ്.രാജു, ഈട്ടിക്കൽ
ഉമാ സൗണ്ട്‌സ് ആൻഡ് ഹയറിംഗ്‌സ് വാഴൂർ
വിവാഹ ചടങ്ങുകൾക്ക് നിയന്ത്രണം വന്നതോടെ ഏറ്റെടുത്ത ഫോട്ടോ വീഡിയോ വർക്കുകൾ റദ്ദായി. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ സർക്കാർ ഓഫീസുകൾ,ബാങ്കുകൾ,സ്‌കൂളുകൾ എന്നിവിടങ്ങളിലും നിശ്ചയിച്ച പരിപാടികൾ മാറ്റിയതോടെ തൊഴിൽരംഗത്തുണ്ടാകുന്നത് വലിയ നഷ്ടമാണ്.
മനു സുരേഷ്,ഗുരു സ്റ്റുഡിയോ,പൊൻകുന്നം