nellu

കോട്ടയം: വിളവെടുപ്പ് വേളയിൽ കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്ന ഇടനിലക്കാരുടെ ചൂക്ഷണത്തിൽ വലഞ്ഞ് നെൽകർഷകർ. ഇത്തരം യന്ത്രങ്ങൾക്ക് വൻതുകയാണ് കർഷകനിൽ നിന്ന് ഈടാക്കുന്നത്. സംസ്ഥാനത്ത് കൃഷിവകുപ്പിന് ആവശ്യത്തിന് കൊയ്ത്തുയന്ത്രങ്ങളുണ്ടെങ്കിൽ കർഷകന് അമിതകൂലി നൽകി ഇത് വാടകയ്ക്ക് എടുക്കേണ്ടി വരില്ല. തരിശുനിലങ്ങൾ കൃഷി ഭൂമിയാക്കാൻ കൃഷി വകുപ്പ് കാണിക്കുന്ന താത്പര്യം ഇടനിലക്കാരുടെ ചൂക്ഷണം ഒഴിവാക്കുന്നതിനും ആവശ്യത്തിന് കൊയ്തു യന്ത്രങ്ങൾ ലഭ്യമാക്കാനും ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

കൃഷിയിടം ഒരുക്കി വിത്ത് വിതച്ച് വിളവ് എടുക്കുന്നത് വരെ ഏക്കറിന് ഏകദേശം 36000 രൂപ മുതൽ 40000 രൂപ വരെ ചെലവ് കണക്കാക്കുന്നു. 24 കിന്റൽ നെല്ലിന് ഏകദേശം 72 കിലോ ഗ്രാമാണ് കിഴിവായി കുറയ്ക്കുന്നത്. 130 ദിവസം നീളുന്ന കഷ്ടപ്പാടിന് ഒരേക്കറിൽ നിന്ന് ചെലവുകളെല്ലാം കഴിഞ്ഞ് കർഷകന് ലഭിക്കുന്നത് ഏകദേശം 10000 മുതൽ 15000 രൂപ വരെ മാത്രമാണ്. ഈ കണക്കനുസരിച്ച് ദിവസം 116 രൂപയാണ് ഒരു കർഷകന്റെ വരുമാനം.

മണിക്കൂറിന് ഏകദേശം 1200 രൂപ വാടക വരുന്ന യന്ത്രങ്ങൾക്ക് 1900-2300 വരെയാണ് കർഷകരിൽ നിന്ന് ഈടാക്കുന്നത്. ഒരു മണിക്കൂർ കൊയ്ത്ത് യന്ത്രം പ്രവർത്തിക്കുമ്പോൾ 500 മുതല്‍ 700 രൂപവരെയാണ് ഇടനിലക്കാരന് ലഭിക്കുക. ആന്ധ്ര, തമിഴ്‌നാട് എന്നിവടങ്ങളിൽ നിന്നാണ് പ്രധാനമായും കൊയ്ത്ത് യന്ത്രങ്ങൾ കേരളത്തിൽ എത്തിക്കുന്നത്.

ഒരേക്കർ കൃഷിയിടം യന്ത്രം ഉപയോഗിച്ച് കൊയ്ത് എടുക്കാൻ കുറഞ്ഞത് ഒന്നര മണിക്കൂർ വേണ്ടിവരും. ഒരു ഏക്കറിൽ നിന്ന് ഏകദേശം 20 മുതൽ 24 കിന്റൽ നെല്ലാണ് ലഭിക്കുക. നേർമ്മ കിഴിവായി കിന്റലിന് രണ്ട് മുതൽ മൂന്ന് കിലോ വരെ തൂക്കം മില്ലുകാർ കുറയ്ക്കും. ഒരു കിന്റൽ നെല്ലിന് ഏകദേശം 2400 രൂപയാണ് വിലയായി ലഭിക്കുന്നത്. വിളവെടുക്കുന്ന നെല്ല് ചാക്കിൽ കെട്ടി ഭാരം അളന്ന് ശേഖരിക്കുന്ന മില്ലുകാരുടെ വാഹനത്തിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള തൊഴിലാളിയുടെ ചുമട്ട് കൂലിയും കർഷകൻ വഹിക്കണം. കായൽ നിലങ്ങളിൽ നിന്ന് പായൽ നിറഞ്ഞ തോടുകളിലൂടെ വള്ളത്തിൽ നെല്ല് എത്തിക്കുന്നതിനും വലിയ ചെലവാണ് വരിക.