chethipuzha-kadav

ചങ്ങനാശേരി: ചെത്തിപ്പുഴ തോടിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ആരംഭിക്കാനിരുന്ന ചെത്തിപ്പുഴക്കടവ് വിനോദസഞ്ചാരപദ്ധതി വീണ്ടും പോളയിലും പായലിലും മൂടി. ജൂലായിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് വൃത്തിയാക്കിയിരുന്ന കടവാണ് വീണ്ടും പോളയും കാടും പിടിച്ച് നശിക്കുന്നത്. നിലവിൽ പോളയും ചെളിയും കുളവാഴയും കാട്ട്‌ചേമ്പും നിറഞ്ഞു കാടിനു സമാനമായി കടവ്. നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തിയിലെ പദ്ധതിയാണിത്. ഇവിടെ ആരംഭിച്ച കൽക്കെട്ട് നിർമ്മാണവും നിലച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് ഇതിനായി 19 ലക്ഷം രൂപ അനുവദിച്ചിരുന്നു. വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തി കിറ്റ്‌കോയുടെ സഹായത്തോടെ മൂന്നുവർഷം മുമ്പാണ് ചെത്തിപ്പുഴക്കടവ് സൗന്ദര്യവത്കരണ പദ്ധതി ആരംഭിച്ചത്. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി രണ്ട് കോഫിഷോപ്പുകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. കൽപടവുകളും നിർമിച്ചെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. കടവിനുചുറ്റും ലൈറ്റുകൾ ഉണ്ടെങ്കിലും തെളിയാറില്ല. സമീപപ്രദേശങ്ങളിലെ ഓടകളിൽനിന്നുള്ള മാലിന്യങ്ങളും മലിനജലവും എത്തിച്ചേർന്നിരുന്നതും ഇവിടേക്കാണ്. വികസനത്തിന്റെ ഭാഗമായി കടവിലേക്ക് ഇറങ്ങാൻ മുൻപ് ഉണ്ടായിരുന്ന കല്പടവുകൾ എടുത്തുമാറ്റി ഇറങ്ങാൻ കഴിയാത്തവിധം ചുറ്റുമതിൽ കെട്ടി അടച്ചിരിക്കുകയാണ്. കടവിലേയ്ക്ക് ഇറങ്ങാനുള്ള കല്പടവുകളും നിർമ്മിക്കണമെന്നാവശ്യവും ഉയരുന്നു.

 പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം !

ചെത്തിപ്പുഴക്കടവിന്റെ സാദ്ധ്യതകളെ മുൻനിറുത്തി ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും എല്ലാം കടലാസിൽ മാത്രമായി. ചെത്തിപ്പുഴക്കടവിനെ സായാഹ്ന വിനോദ, വിശ്രമ കേന്ദ്രമാക്കിയാൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾക്കാണ് വഴി തുറക്കുന്നത്. നാലുകിലോമീറ്റർ ദൂരം പാടശേഖരത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ ചെറുബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയാൽ ചെത്തിപ്പുഴ തോടുവീണ്ടും സജീവമാകും. പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോട്ടിലൂടെയുള്ള യാത്ര വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും.