പാലാ: ജനറൽ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ ബാഹുല്യം നിയന്ത്രണത്തിന് അതീതമാകുന്നതിനാൽ കൊറോണ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്തു കർശനമായി ഇവരെ നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന നഗരസഭാ യോഗം തീരുമാനിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രതിപക്ഷത്തു നിന്നും റോയി ഫ്രാൻസിസ്, പ്രസാദ് പെരുമ്പള്ളി, അഡ്വ. ബിനു പുളിക്കകണ്ടം, ഭരണപക്ഷത്തു നിന്ന് ബിജു പാലൂപ്പടവൻ, ബിജി ജോജോ, പ്രൊഫ. സതീഷ് ചൊള്ളാനി തുടങ്ങിയവർ സഭയിൽ ഉന്നയിച്ചപ്പോഴാണ് ചെയർപേഴ്‌സൺ മേരി ഡൊമിനിക് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇതിനായി ആശുപത്രി അധികൃതരുമായി ഉടൻ ചർച്ച നടത്താനും നഗരസഭാ യോഗത്തിൽ തീരുമാനമായി. പാലാ മുൻസിപ്പാലിറ്റി യുദ്ധകാല അടിസ്ഥാനത്തിൽ കൈ കഴുകൽ സംവിധാനമുണ്ടാക്കിയതിനെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും സ്വകാര്യ വ്യക്തികളും ഹാൻഡ് വാഷ് കോർണറുകൾ തുടങ്ങിയതിനെ നഗരസഭ അഭിനന്ദിച്ചു. കൊറോണയ്‌ക്കെതിരെ അലംഭാവം അരുത് ജാഗ്രത വേണം എന്നുള്ള കാര്യത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളും നഗരസഭയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകി. നഗരസഭ യോഗം തുടങ്ങുന്നതിനു മുൻപേ അംഗങ്ങൾക്ക് കൈകൾ അണുനാശിനി ഉപയോഗിച്ച് ശുദ്ധി വരുത്താനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു