പാലാ: കൊറോണ വ്യാപന നിയന്ത്രണം വളരെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്നത് നിരുത്സാഹപ്പെടുത്തപ്പെടുമ്പോൾ പാലാ ജനറൽ ആശുപത്രിയിലെ ഇടുങ്ങിയ ഒ.പിയിൽ ഒരേ സമയം എത്തുന്നത് നിരവധി പേർ. രോഗവ്യാപനത്തിന് ഏറെ അനുകൂലമായ അപകടകരമായ സാഹചര്യമാണ് ഇവിടെയുള്ളതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. പ്രതിദിനം 1500 പേരാണ് ഒ.പിയിൽ എത്തുന്നത്. ഓരോ രോഗിയോടും ഒപ്പം രണ്ട് സഹായികളും ഉണ്ടാകും. ഇതോടൊപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന കാഷ്യാലിറ്റിയിൽ എത്തുന്നവരും കിടപ്പ് രോഗികളും അവരുടെ സഹായികളും വേറെ. ദിവസവും ഏകദേശം അയ്യായിരത്തോളം പേർ.

നിലവിൽ ജനറൽ ആശുപത്രിയുടെ ഒ.പി പ്രവർത്തിക്കുന്നത് ആശുപത്രി കെട്ടിടത്തിന്റെ അടി നിലയിലും ഒന്നാം നിലയിലുമായിട്ടാണ്.

ഒരു മുറിയിൽ 3 വിഭാഗത്തിന്റെ ഒ.പിയാണുള്ളത്. അത്യാഹിത വിഭാഗവും ഫാർമസിയും ലാബും വാർഡുമെല്ലാം ഇതിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.

ഡോക്ടർമാർ നഴ്‌സുമാർ, രോഗീ പരിചരണ വിഭാഗം എന്നിവർക്കെല്ലാം വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഇവിടെ ഉളളത്.

4 വർഷം മുമ്പ് അഞ്ച് നിലമന്ദിരം ഒ.പിയ്ക്ക് മാത്രമായി നിർമാണം പൂർത്തിയാക്കി ആരോഗ്യ വകുപ്പിന് കൈ മാറിയിരുന്നു. ഈ കെട്ടിടം ഇപ്പോൾ മാറാല പിടിച്ച് കിടക്കുകയാണ്. ഇതിന്റെ ഒന്നും രണ്ടും മൂന്നും നിലകളിലേക്ക് ഒ.പി മാറ്റുന്നതിന് താത്കാലിക അനുമതി നൽകണമെന്നാണ് ആശുപത്രി അധികൃതരും വിവിധ സംഘടനകളും പാലാ നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 എത്രയും വേഗം ഒ.പി. പുതിയ മന്ദിരത്തിലാക്കണം


വിവിധ സംഘടനകൾ യോഗം ചേർന്ന് പുതിയ മന്ദിരത്തിലേക്ക് ഒ.പി വിഭാഗം എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെട്ടതായി ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ ജയ്‌സൺ മാന്തോട്ടം പറഞ്ഞു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടും പാലാ നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ടൗൺ വാർഡ് അംഗവും മുൻ നഗരസഭാദ്ധ്യക്ഷയുമായ ബിജി ജോജോയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

 ഇന്നു മുതൽ സന്ദർശകർക്ക് വിലക്ക്

ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ സന്ദർശകർക്ക് കർശനമായ വിലക്കേർപ്പെടുത്തി. രോഗികളോടൊപ്പം കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കൂ. രോഗികളുമായി എത്തുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയാലുടൻ ആശുപത്രിക്കു പുത്തേക്കു പോകണമെന്ന തീരുമാനവും ഇന്നു മുതൽ നടപ്പാക്കും --

ഡോ. അനീഷ് കെ. ഭദ്രൻ, ആർ.എം.ഒ