കാഞ്ഞിരപ്പള്ളി: വേണ്ടത് ഭയമല്ല, ജാഗ്രതയാണ് എന്ന സന്ദേശവുമായി കോറോണ വൈറസ് ബാധക്കെതിരെയുള്ള 'ബ്രേക്ക് ദ ചെയിൻ" ബോധവത്കരണ പ്രതിരോധ കാമ്പയിൻ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഊർജിതമായി. പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പഞ്ചായത്ത് ആഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പേട്ട കവല, ബസ് സ്റ്റാൻഡ് ഉൾപ്പെടെ പ്രധാനപ്പെട്ട പതിനെട്ട് കേന്ദ്രങ്ങളിൽ കൈ കഴുകാനായി സംവിധാനം ഏർപ്പെടുത്തി. പേട്ടക്കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എം.ജി. സർവകലാശാല സെനറ്റംഗം വി.പി.ഇസ്മായിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ, പഞ്ചായത്തംഗം എം.എ. റിബിൻ ഷാ, ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, ബിജു എന്നിവർ നേതൃത്വം നൽകി. നിരീക്ഷണത്തിൽ കഴിയുന്ന 136 പേർക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് പുസ്തകങ്ങൾ എത്തിച്ചു നൽകും. കുടുംബശ്രീ യൂണിറ്റുകൾ വഴി മാസ്‌ക് നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് എട്ടാം വാർഡിൽ തുടക്കമായി. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് സാനിറ്റൈസർ നിർമ്മാണ പരിശീലനം ആരംഭിച്ചു. പേട്ടക്കവലയിലെ ബസ് സ്‌റ്റോപ്പിലും പഞ്ചായത്ത് പരിധിയിലെ എല്ലാ ബാങ്കുകളിലും കൈ കഴുകാനുള്ള സംവിധാനം ഏർപ്പെടുത്തി. ശാസ്ത്രസാഹിത്യ പരിഷത് കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ ലഘുലേഖ വിതരണം നടത്തി.