c

പാലാ: കൊറോണാ പ്രതിരോധ ബോധവത്കരണ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കാണ് കൂടുതൽ ജന സേവനം ചെയ്യാനാവുന്നതെന്ന് മുഖ്യമന്ത്രി; പക്ഷേ പാലാ നഗരസഭയിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്കുകൾ കേൾക്കാൻ കൂടുതൽ കൗൺസിലർമാർക്കും 'നേരമില്ലായിരുന്നു .

ഇന്നലെ രാവിലെ 11 മുതൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ വീഡിയോ കോൺഫറൻസ് നഗരസഭാ കൗൺസിൽ ഹാളിലെ കൂറ്റൻ സ്‌ക്രീനിൽ തൽസമയമുണ്ടായിരുന്നു. എന്നാൽ 26 കൗൺസിലർമാരിൽ ഇതിൽ പങ്കെടുത്തത് 10 കൗൺസിലർമാർ മാത്രം !

കൗൺസിലർമാരിൽ മിക്കവരും മുനിസിപ്പൽ ഓഫീസിൽ എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും വാക്കുകൾ കേൾക്കാൻ ഇവർക്കാർക്കും 'സമയമുണ്ടായിരുന്നില്ല.'

വീഡിയോ കോൺഫറൻസിനു തൊട്ടു മുമ്പായി ഒരു അടിയന്തിര കൗൺസിൽ യോഗമുണ്ടായിരുന്നു. ഇതിൽ പങ്കെടുത്ത കൗൺസിലർമാർ പോലും മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയതേ സീറ്റു കാലിയാക്കി കൗൺസിൽ ഹാൾ വിട്ടു.

പ്രതിപക്ഷാംഗങ്ങൾ മുഴുവൻ പേരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഡയസിൽ നിന്നിറങ്ങി കൗൺസിലർമാരുടെ സീറ്റിലിരുന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക്കും മുഖ്യമന്ത്രിയുടെ വാക്കുകൾ ശ്രദ്ധിച്ചു. പിന്നെ ഉണ്ടായിരുന്നത് വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും ഭരണപക്ഷത്തെ ഒന്നു രണ്ടു കൗൺസിലർമാരും മാത്രം.

നാടൊട്ടുക്ക് കൊറോണയുടെ ആശങ്കയിൽ കഴിയുമ്പോൾ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും കൂടി വാക്കുകൾക്ക് വില കൊടുക്കാതെ കൗൺസിലിൽ നിന്നു മുങ്ങിയതിൽ പരക്കെ പ്രതിഷേധമുയർന്നിട്ടുണ്ട്.വീഡിയോ കോൺഫറൻസിനിടെ ഇറങ്ങിപ്പോയ ഭരണപക്ഷാംഗങ്ങളുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു.