പൊൻകുന്നം: വാട്ടർ അതോറിട്ടിയുടെ ജലവിതരണം വല്ലപ്പോഴും. 19 ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കെ.വി.എം.എസ്, പൊന്നയ്ക്കക്കുന്ന്, ഗ്രാമദീപം, മൂലകുന്ന് ഭാഗങ്ങളിൽ താമസിക്കുന്നവർ പരാതിപ്പെട്ടു. പഴയ കണക്ഷനിൽ നിന്ന് വെള്ളം കിട്ടിയിരുന്നവരാണിവർ. ഇത്തരം നൂറുകണക്കിന് ഉപഭോക്താക്കൾക്ക് വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നത്. എന്നാൽ പുതിയ കണക്ഷനെടുത്തവർക്ക് കൃത്യമായ ഇടവേളകളിൽ ജലവിതരണമുണ്ട്.

പഴയ ലൈൻ വഴി വെള്ളം തുറന്ന് വിടാതെ വന്നതാണ് കാരണം. പുതിയ ലൈനിലെ ഉപയോക്താക്കൾ വലിയ തുക ചെലവിട്ടാണ് കണക്ഷൻ എടുത്തിരിക്കുന്നതെന്നും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ജല അതോറിട്ടി അധികൃതർ സ്വീകരിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

പഴയ പൈപ്പുകൾ മിക്കയിടത്തും തകർന്ന് ജലനഷ്ടമാണ്. ഇവ യഥാസമയം നന്നാക്കാൻ അതോറിറ്റി അധികാരികൾ തയ്യാറാകാത്തതിനാൽ ഇവർക്ക് വെള്ളം കിട്ടില്ല. വിതരണത്തിന് തുറന്നുവിട്ടാൽ റോഡിലൂടെ വെള്ളമൊഴുകി നഷ്ടപ്പെടുകയാണ്. അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കം മൂലം റോഡ് പൊളിച്ച് തകരാർ പരിഹരിക്കുന്നതിനും തടസമുണ്ട്.