കുമരകം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കുമരകം കവണാറ്റിൻകര ബാങ്ക് പടി ബസ് സ്റ്റോപ്പിൽ പൊതു ജനങ്ങൾക്കായി കൈ കഴുകൽ സൗകര്യം ക്രമീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൊറോണ പ്രതിരോധ പദ്ധതിയായ 'ബ്രേക്ക് ദ ചെയിൻ" കാമ്പയിനിൽ പങ്കു ചേർന്നു കൊണ്ട് മണ്ഡലം ബോയ്‌സ് യുവജനകൂട്ടായ്മയാണ് നാടിന് മാതൃകയായി കൈകഴുകൽ സൗകര്യം ഒരുക്കിയത്. 2005ൽ മണ്ഡലകാലത്താണ് മണ്ഡലം ബോയ്‌സ് യുവജന കൂട്ടായ്മ എന്നപേരിൽ തുടക്കം കുറിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇരുപതോളം അംഗങ്ങൾ ഇതിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആതുര സഹായങ്ങൾ, കായികരംഗം, വിദ്യാത്ഥികൾക്ക് പഠനോപകരണ വിതരണം, സ്വയം സഹായ സമ്പാദ്യ പദ്ധതികൾ തുടങ്ങി സാമൂഹ്യ പ്രസക്തിയുള്ള നിരവധി പ്രവർത്തനങ്ങൾ മണ്ഡലം ബോയ്‌സ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.