നെടുംകുന്നം : ടിപ്പർലോറികളിൽ നിന്ന് പാറപ്പൊടി റോഡിൽ വീണത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നിവീണതോടെ നാട്ടുകാർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. ഇന്നലെ പുലർച്ചെയാണ് കറുകച്ചാൽ - മണിമല റോഡിൽ നെടുമണ്ണി മുതൽ കുന്നംപുറം വരെയുള്ള ഒരുകിലോമീറ്ററോളം ഭാഗത്ത് പാറപ്പൊടി നിരന്നത്. തിരക്കേറിയതോടെ റോഡിൽ നിന്ന് പൊടി ഉയർന്നു. കങ്ങഴ സ്വദേശിയായ യുവാവിന്റ ബൈക്ക് കുന്നുംപുറത്തിന് സമീപം പാറപ്പൊടിയിൽ കയറി തെന്നി മറിഞ്ഞു. പിന്നീട് എത്തിയ ഇരുചക്രവാഹനങ്ങളും തെന്നാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.