പാലാ : കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുളള ബോധവത്കരണത്തിന്റെ ഭാഗമായി പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ എം.റ്റി. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. ആൾക്കൂട്ടം ഒഴിവാക്കാനും പരസ്പരം അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാനും, അടുത്തുവരുന്ന രണ്ടാഴ്ചകാലം അതിനിർണ്ണായക ഘട്ടമാണെന്നും വ്യാപനഘട്ടമായതിനാൽ രോഗവ്യാപനം തടയാൻ പരിശ്രമിക്കണമെന്നും കൊറോണ രോഗം മൂന്നാം ഘട്ടത്തിലേയ്ക്ക് വ്യാപിക്കുന്നത് തടയണമെന്നും തഹസീൽദാർ നിർദ്ദേശിച്ചു.
കൊറോണ വൈറസിനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും മൂന്നാം ഘട്ടത്തിൽ പ്രവേശിച്ചാൽ വളരെ മാരകമാകുമെന്നും ഈ രോഗം പടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണെന്നും. നമ്മുടെ അശ്രദ്ധ ഈ രോഗം മൂന്നാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്നും റവന്യൂ ഡിവിഷണൽ ഓഫീസർ അഭിപ്രായപ്പെട്ടു. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക, ഒരു ഗ്രൂപ്പിൽ ആറ് പേരിൽ കൂടുതൽ പാടില്ല എന്നിവ രോഗ പ്രതിരോധത്തിനുളള മാർഗ്ഗങ്ങളാണ്. മൂന്നാംഘട്ടത്തിൽ രോഗം ആരിൽ നിന്ന് ആരിലേയ്ക്ക് പകർന്നുയെന്ന് അറിയാൻ സാധിക്കുകയില്ല. രോഗ വ്യാപനം തടയുന്നതിനായി വ്യക്തി ശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. കൈകൾ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. ആശുപത്രികളിൽ സന്ദർശകർ പാടില്ലായെന്നും തീരുമാനിച്ചിട്ടുളളതായും ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് അറിയിച്ചു.

എല്ലാ ഔദ്യോഗിക മീറ്റിംഗുകളും നിർത്തിവച്ചിരിക്കുന്നതായും, ഞായറാഴ്ച്ച ആളുകൾ കൂടാതെ ചടങ്ങുമാത്രം നടത്തുവാനും തീരുമാനിച്ചിരിക്കുന്നതായി സി.എസ്.ഐ. ഈസ്റ്റ് കേരളാ ഡയസിസ് അറിയിച്ചു.
ഗ്രാമതലത്തിലും വാർഡ് തലത്തിലും ബോധവൽക്കരണം നടത്താനും ഗ്രാമതലത്തിലും താലൂക്ക് തലത്തിലും കമ്മറ്റികൾ രൂപീകരിക്കുവാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോം ക്വാറന്റയിൻ എടുത്തിട്ടുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുളളതായും ആർ.ഡി.ഒ അറിയിച്ചു. കോട്ടയം ജില്ലയിൽ രണ്ടാഴ്ചത്തേയ്ക്ക് ആരാധനലയങ്ങൾ അടക്കമുളള സ്ഥലങ്ങളിലും മതപരമായ ചടങ്ങുകളിലും ജനക്കൂട്ടം വേണ്ടയെന്ന് തീരുമാനിക്കണം.
പളളികളിലും അമ്പലങ്ങളിലും ആൾക്കൂട്ടങ്ങൾ പൂർണ്ണമായും ഒഴിവാക്കി പ്രാർത്ഥന സമയം ലഘൂകരിച്ചും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാർച്ച് 31 വരെ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും തഹസീൽദാർ അഭ്യർത്ഥിച്ചു.

ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ നടത്തരുതെന്നും എ.ടി.എം. കൗണ്ടറുകൾ ഉപയോഗിക്കുന്നവർക്ക് കയറുന്നതിന് മുമ്പും, ഇറങ്ങിയതിന് ശേഷവും ഹാന്റ് വാഷ് ഉപയോഗിക്കുന്നതിനുളള സൗകര്യം നൽകണമെന്ന് ലീഡ് ബാങ്ക് മാനേജർക്ക് നിർദ്ദേശം നൽകും. ബ്രേക്ക് ദി ചെയിൻ നടപടിയുടെ ഭാഗമായി വില്ലേജ് ഓഫീസുകളിൽ ഹാന്റ് വാഷ്, സാനിറ്റെസർ മുതലായവ ഏർപ്പെടുത്തി ജീവനക്കാർക്കും പൊതു ജനങ്ങൾക്കും കൈകൾ വൃത്തിയാക്കുന്നതിനുമുളള സൗകര്യം ഏർപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. കൊറോണ രോഗം തടയുന്നതിനുളള എല്ലാ തീരുമാനങ്ങളും സ്വീകരിക്കുന്നതായും പൂർണ സഹകരണം നല്കുന്നതായും മത, സാമുദായിക നേതാക്കൾ യോഗത്തിൽ ഉറപ്പു നല്കി.

തഹസീൽദാർ വി.എം. അഷറഫ്, ജില്ലാ മെഡിക്കൽ ഓഫീസർ, വില്ലേജാഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മത സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് ഈരാറ്റുപേട്ട ഇമാം കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് നദീർ മൗലവി, റവ. ഫാദർ ബിജു ജോസഫ്, സി.എസ്.ഐ. ഈസ്റ്റ് കേരളാ ഡയോസിസ്, ഈരാറ്റുപേട്ട ഇമാം കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് നദീർ മൗലവി, മേലുകാവ്മറ്റം, എം.എസ്. മാത്യു, സെന്റ്. സ്റ്റീഫൻ (ക്‌നാനായ ഫൊറോന ചർച്ച് ഉഴവൂർ), പി.എസ്. ശാർങ്ധരൻ (എസ്.എൻ.ഡി.പി. യോഗം പാലാ), സി.പി. ചന്ദ്രൻ നായർ (പ്രസിഡന്റ് മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ), കെ.എസ്. മാത്യു (ട്രസ്റ്റി, സെന്റ്. മേരീസ് ഓർഡോക്‌സ് ചർച്ച് അരുണാപുരം), വി.ജി. ഗോപാലൻ (എ.കെ.സി.എച്ച് എം.എസ്. മീനച്ചിൽ യൂണിയൻ), വി.ആർ. രാധാകൃഷ്ണൻ (എ.ഐ.വി.എം.എസ്, പാലാ), പ്രദീപ് എ.റ്റി (യോഗക്ഷേമ സഭാ, കുറിച്ചിത്താനം), മനോജ് കൊട്ടാരം (കെ.പി.എം.എസ് യൂണിയൻ പ്രസിഡന്റ്), റ്റി.എസ്. ശ്രീധരൻ (പ്രസിഡന്റ് എ.കെ.വി.എം.എസ്, മീനച്ചിൽ താലൂക്ക് യൂണിയൻ), ഫാദർ ജോസഫ് തടത്തിൽ (വികാരി ജനറാൾ ബിഷപ്പ് ഹൗസ് പാലാ) തുടങ്ങിയവർ പങ്കെടുത്തു.