തലയോലപ്പറമ്പ്: വടയാർ ഇൻഫന്റ് ജീസസ് സ്‌കൂളിന് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നു. റോഡരികിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈൻ പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം സമീപ പുരയിടങ്ങളിലേയ്ക്കു ഒഴുകി പരക്കുകയാണ്. മൂന്നു ദിവസം കൂടുമ്പോൾ മാത്രമാണ് പ്രദേശത്ത് വെള്ളം ലഭിക്കുന്നത്. പൈപ്പ് ലൈൻ പൊട്ടി ശക്തിയായി ജലം പാഴാകുന്നതിനാൽ പൊതു ടാപ്പിലും ഗാർഹിക കണക്ഷനുകളിലും പലപ്പോഴും വെള്ളമെത്താത്ത സ്ഥിതിയാണ്.പൊട്ടിയ പൈപ്പിലൂടെ മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലർന്ന് സാംക്രമിക രോഗങ്ങൾ പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പൈപ്പ് ലൈനിലെ ചോർച്ച മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കടുത്ത വേനലിൽ ജനം ഒരിറ്റുവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോൾ തലയോലപ്പറമ്പ് പള്ളിക്കവല, കോലത്താർ റോഡ്, തിരുപുരം ക്ഷേത്രത്തിന് സമീപം, പടിഞ്ഞാറെക്കര പാലത്തിന് സമീപം തുടങ്ങി വിവിധ ഭാഗങ്ങളിൽ ആഴ്ചകളായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.