അടിമാലി: ഹൈറേഞ്ചിൽ ചക്കയ്ക്കിപ്പോൾ നല്ല ഡിമാന്റ് .വേനൽമഴപെയ്ത് ചക്ക മൂപ്പെത്തിയതോടെ ചക്കവിൽപ്പന തകൃതിയായി.ആർക്കും വേണ്ടാതെ അവഗണിക്കപ്പെട്ടിരുന്ന ചക്ക പ്രിയപ്പെട്ടതായി ചക്ക മാറിയത് തമിഴ്നാട്ടിൽ ഡിമാന്റ് കൂടിയതോടെയായിരുന്നു.വീട്ടുവളപ്പിൽ പ്ളാവുകൾ ചക്കകളാൽ സമ്പന്നമായതോടെ വിപണിയും സജീവമായി. പച്ചക്കറികടകളിൽ ചക്കക്ക് കിലോ ഒന്നിന് 25 മുതൽ 30 രൂപവരെയാണ് വിൽപ്പന വില.വേനൽമഴപെയ്ത് മൂപ്പെത്തി തുടങ്ങിയതോടെ ചക്കവാങ്ങി കേരളത്തിനകത്തും പുറത്തുമായി വിൽപ്പന നടത്തുന്ന കച്ചവടക്കാരുടെ തിരക്കാണിപ്പോൾ .ചക്ക ഒന്നിന് 15 മുതൽ 30 രൂപവരെ ഉടമക്ക് വില ലഭിക്കും.പെരുമ്പാവൂരടക്കമുള്ള മൊത്തവിൽപ്പന കേന്ദ്രങ്ങളിലെത്തിക്കുന്ന ചക്ക അയൽ സംസ്ഥാനങ്ങളിലേക്കാണധികവും കയറി പോകുന്നതെന്ന് കച്ചവടക്കാർ പറയുന്നു.ചക്കക്ക് മാത്രമല്ല ചക്കകുരുവിനും വിപണിയിൽ ആവശ്യക്കാരേറെയായി. ചക്കക്കുരുവിന് കിലോയ്ക്ക് 30 മുതൽ 40 രൂപ വരെയാണ് വില.ഏപ്രിൽ,മേയ് മാസങ്ങളിൽ വരെ ചക്ക വിൽപ്പന തകൃതിയായി തുടരും.ഉടമകളിൽ നിന്നും തുച്ഛവിലക്ക് വാങ്ങുന്ന ചക്ക വിപണിയിൽ പൊള്ളുന്ന വിലക്ക് വിൽക്കുന്നത് ചില്ലറ ആക്ഷേപങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.ചക്ക വിൽപ്പനയിലും വിപണി കണ്ടെത്തുന്നതിലും കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടൽ കൂടി ഉണ്ടായാൽ ചക്കയിൽ നിന്നും ഹൈറേഞ്ച് കർഷകന് കൂടുതൽ മെച്ചപ്പെട്ട വരുമാനമുണ്ടാക്കാൻ സാധിക്കും.