കോട്ടയം: റെയിൽവേ സ്റ്റേഷനിൽ രണ്ടുകോടി രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. റെയിൽവേയാണ് സ്വന്തം നിലയിൽ പാർക്കിംഗ് സമുച്ചയം നിർമ്മിക്കുന്നത്. കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ വീഡിയോ കോൺഫ്രൻസിംഗ് വഴി കേന്ദ്ര റെയിൽവെ മന്ത്രി പാർക്കിംഗ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡൽഹി സന്ദർശനം പ്രമാണിച്ച് ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ പണി പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക തടസങ്ങൾ കാരണം ഇത് ഒരു വർഷത്തോളം നീളുകയായിരുന്നു.

പൂർണമായും യന്ത്രവത്കൃതം

ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 2000 ചതുരശ്രഅടിയിലാണ് റെയിൽവേ സ്റ്റേഷന് മുന്നിലായി പാർക്കിംഗ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. മൂന്നു നിലകളുള്ള സമുച്ചയത്തിന്റെ ഓരോ നിലയ്ക്കും 650 ചതുരശ്ര അടിയാണുള്ളത്. ഒരേ സമയം 250 ഇരുചക്ര വാഹനങ്ങൾ മൂന്നു നിലകളിലുമായി പാർക്ക് ചെയ്യാവുന്നതാണ്. നിലവിലുള്ള പാർക്കിംഗ് സ്ഥലത്തിന്റെ അടുത്ത് തന്നെയാണ് പുതിയ സമുച്ചയം നിലവിൽ വരുന്നത്. പുതിയ പാർക്കിംഗ് സംവിധാനം നിലവിൽ വന്നാലും പഴയ സ്ഥലം തുടർന്നും ഉപയോഗിക്കാൻ കഴിയുമെന്നത് നോട്ടമായി കാണാം. സജ്ജീകരിച്ചിരിക്കുന്ന റാമ്പിൽ വാഹനം നിർത്തുന്നതോടെ ടോക്കൺ ലഭിക്കും. തുടർന്ന്, വാഹനം ടോക്കൺ ലഭിച്ച റാക്കിൽ യന്ത്രത്തിന്റെ സഹായത്തോടെ അവർ പാർക്ക് ചെയ്തുകൊള്ളും. ഹെൽമെറ്റും വാഹനത്തിനോടൊപ്പം സൂക്ഷിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഉടമസ്ഥൻ എത്തി ടോക്കണും പാർക്കിംഗ് ഫീയും നൽകുമ്പോൾ വാഹനം മുന്നിലെത്തും. പൂർണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് പാർക്കിംഗ് സമുച്ചയം പ്രവർത്തിക്കുക. റെയിൽവെ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് അടുത്തിടെ നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം പോയിരുന്നു. പുതിയ സമുച്ചയം പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹന മോഷണങ്ങൾക്കും ഒരു പരിധി വരെ അറുതിയാകും.

'' പാർക്കിംഗ് സമുച്ചയത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘടനത്തിനായി തയാറെടുക്കുകയാണ്. മുമ്പ് നിശ്ചയിക്കുന്ന പോലെ വീഡിയോ കോൺഫ്രസ് വഴിയായിരിക്കും കേന്ദ്ര റെയിൽവെ മന്ത്രി സമുച്ചയത്തിന്റെ ഉദ്ഘടനം നിർവഹിക്കുക. ഇതിലൂടെ റെയിൽവെ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകും ''

ജോസ് കെ. മാണി എം. പി