വൈക്കം : കൊറോണ ഭീഷണിയെ തുടർന്ന് ജനങ്ങൾ സാമ്പത്തിക രംഗത്തും തൊഴിൽ രംഗത്തും തകർച്ച നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ റേഷൻ അരി അനുവദിക്കണം. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ഒരു കുടുംബത്തിന് പ്രതിമാസം 25 കിലോ അരി റേഷൻ നിരക്കിൽ നൽകണമെന്നും നിറുത്തി വച്ച പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വിതരണം പുനരാരംഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി ആവശ്യപ്പെട്ടു. ഏ​റ്റവും കൂടുതൽ ഉപഭോക്താക്കളുള്ള വെള്ള കാർഡുടമകൾക്ക് 2 കിലോ അരിയും 2 പാക്ക​റ്റ് ആട്ടയും മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. നീല കാർഡുടമകൾക്ക് ആളൊന്നിന് 2 കിലോ അരിയും 2 പാക്ക​റ്റ് ആട്ടയുമാണ് നൽകുന്നത്. പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വിതരണം നിറുത്തിയിരിക്കുകയാണ്. ജനങ്ങളുടെ ദുരിതമക​റ്റുവാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവേക് , ഇടവട്ടം ജയകുമാർ,കെ.എൻ വേണുഗോപാൽ, പി.കെ ഉത്തമൻ ,എസ്.മനോജ് കുമാർ, പി.വി ജയന്തൻ, വൈക്കം ജയൻ, ശ്രീരാജ് തുടങ്ങിയവർ പ്രസംഗിച്ചു.