കോട്ടയം : കൊറോണ ഭീതിയ്‌ക്കിടെ ജില്ലയിലെ ഷാപ്പുകളുടെ ലേലം നടത്തിയതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. 50 പേരിൽ കൂടുതൽ ഒന്നിച്ച് കൂടരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവുമായാണ് പ്രവർത്തകരെത്തിയത്. ഇന്നലെ രാവിലെ പത്തോടെ തെക്കുംഗോപുരത്തെ കാർത്തിക ഓഡിറ്റോറിയത്തിലാണ് സംഭവം. ഓഡിറ്റോറിയത്തിനുള്ളിലേയ്‌ക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസുമായി നേരിയ സംഘർഷത്തിനിടയാക്കി. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റ് ചെയ്‌തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, ടോം കോര അഞ്ചേരിൽ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി തോമസ്, നൈഫ് ഫൈസി, ജിൻസൺ സി.സി, തോമസ് ടി.എഫ്രീം, ജില്ലാ സെക്രട്ടറി എം.കെ ഷമീർ, അരുൺ മർക്കോസ്, അജു നെടുപ്പാറ എന്നിവരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. അറസ്റ്റ് ചെയ്‌ത പ്രവർത്തകരെ കരുതൽ തടങ്കലിൽ സൂക്ഷിച്ചു.
ലേലം മാനദണ്ഡങ്ങൾ പാലിച്ചെന്ന് കളക്ടർ
കള്ളു ഷാപ്പുകളുടെ വിൽപ്പന കൊറോണ പ്രതിരോധന നടപടികളുടെ ഭാഗമായുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു. കൃത്യമായ അകലത്തിൽ കസേരകളും മേശകളും ക്രമീകരിച്ചിരുന്നു. ഹാൻഡ് സാനിട്ടൈസറും മാസ്‌കും അടക്കമുള്ള ഉപകരണങ്ങൾ നൽകി രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നു.