പാലാ: ജനറൽ ആശുപത്രിയിൽ നിലവിലെ സ്ഥലപരിമിതിയിൽ രോഗികൾക്ക് സുരക്ഷിതമായ ചികിത്സ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ആശുപത്രി അധികാരികളുടെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഏറെ ഗൗരവപരമായ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ജനറൽ ആശുപത്രി അധികൃതർ രേഖാമൂലം പാലാ മുനിസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ കോപ്പി 'കേരളകൗമുദി"യ്ക്കു ലഭിച്ചു.
കൊറോണ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയർത്തി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഐസോലേഷൻ വാർഡ് , പ്രത്യേകം ഒ.പി. സംവിധാനം മുതലായവ സജ്ജീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ആശുപത്രി വളപ്പിൽ പുതുതായി പണിത അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ താഴത്തെ 3 നിലകൾ ഉപയോഗിക്കാൻ ഉടൻ അനുവാദം നൽകണമെന്നാണ് ജനറൽ ആശുപത്രി അധികാരികളുടെ ആവശ്യം.
എന്നാൽ 18ന് കൊടുത്ത കത്തിന്മേൽ ഈ നിമിഷം വരെ ഒരു തീരുമാനവും നഗരസഭാധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണറിയുന്നത്. അതേ സമയം കാര്യങ്ങൾ പരിശോധിച്ച് കെട്ടിടം തുറന്നു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ മുനിസിപ്പൽ സെക്രട്ടറിയെ നഗരസഭാ കൗൺസിൽ യോഗം ചുമതലപ്പെടുത്തിയിരുന്നു. പുതിയ മന്ദിരത്തിന് ഫയർഫോഴ്‌സിൽ നിന്നും സുരക്ഷിതത്വ സർട്ടിഫിക്കറ്റ് കിട്ടേണ്ടതുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആദ്യ 3 നിലകൾക്കെങ്കിലും ഉടൻ ഫയർഫോഴ്‌സ് എൻ.ഒ.സി നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഇന്നലെ പാലാ ഫയർഫോഴ്‌സിലും കത്തു നൽകിയിട്ടുണ്ട്.
പുതിയ മന്ദിരമിപ്പോൾ പണികൾക്കായി പി.ഡബ്ലൂ.ഡി.ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ചുമതലയിലാണ്. ലിഫ്ടിന്റെ പണികളാണിപ്പോൾ നടന്നു വരുന്നത്. ഇത് പൂർത്തിയാക്കാൻ മൂന്നാഴ്ച കൂടി വേണം. അടിയന്തിര സാഹചര്യത്തിൽ ഉടൻ കെട്ടിടം കൈമാറണമെന്നാവശ്യപ്പെട്ട് ഇന്നലെ പി. ഡബ്ലൂ.ഡി. ഇലക്ട്രിക്കൽ വിഭാഗം അധികാരികൾക്കും ആശുപത്രി മേധാവി കത്തു കൊടുത്തിട്ടുണ്ട്.