പാലാ: കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ പാലാ നഗരസഭ ഓഫീസിൽ അടിയന്തര പ്രാധാന്യമുള്ള സേവനങ്ങൾക്ക് മാത്രമേ ജനങ്ങൾ എത്താവൂ എന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക് നിർദ്ദേശിച്ചു. മറ്റു സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കണം. പുറത്തിറങ്ങുന്ന ആളുകൾ സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ അടിയന്തരമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിന് നഗരസഭ ഓഫീസിൽ ഹാജരാകാതെ തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ ( www.lsgdkerala ) നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണന്നും ഇനി ഒരറിയിപ്പു ഉണ്ടാകുന്നതുവരെയും റെയിൽവേ കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതല്ലന്നും ചെയർ പേഴ്‌സൺ അറിയിച്ചു.

 ഇന്ന് മുതൽ പൊതുജന നിയന്ത്രണം

നഗരസഭാ ഓഫീസിൽ ഇന്ന് മുതൽ പൊതുജന നിയന്ത്രണം ഉണ്ടാവും. ഫ്രണ്ട് ഓഫീസിലും എല്ലാ സെക്ഷനിലും ഹാൻഡ് വാഷും സാനിറ്റെയ്‌സറും, ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജീവനക്കാർക്കും ഇന്നലെ ഓരോ വലിയ ടർക്കിയും വിതരണം ചെയ്തു. ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ എന്നിവർ ചേർന്നാണ് ടർക്കി വിതരണം നടത്തിയത്

 രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ബന്ധപ്പെടാനുള്ള ഫോൺ : 7012193453, 9447776001, നഗരസഭ ഓഫീസിലെ ഫോൺ :04822212328