പിഴക്: ബംഗ്ലാംകുന്ന് ചെക്ക്ഡാമിന് സർക്കാർ 45 ലക്ഷം രൂപ അനുവദിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതായും കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷിലു കൊടൂർ അറിയിച്ചു. പിഴകിലെ 150-ഓളം കുടുംബങ്ങളിൽ വെള്ളമെത്തിക്കുന്നത് ബംഗ്ലാംകുന്ന് കുടിവെള്ള പദ്ധതിയിൽ നിന്നാണ്. പക്ഷേ വേനൽക്കാലമായാൽ കുടിവെള്ള പദ്ധതിയുടെ കിണർ വറ്റുകയും ഗുണഭോക്താക്കൾ രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായാണ് ബംഗ്ലാംകുന്ന് കുടിവെള്ള കിണറിന് സമീപമായി ചെക്ക്ഡാമും വാട്ടർ കുഷ്യൻ എന്ന പുതിയ സംവിധാനവും നിർമ്മിക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പ് 45 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ബംഗ്ലാംകുന്ന്‌ തോട്ടിലെ എരപ്പുഴി കുഴിക്ക് സമീപമാണ് പുതിയ ചെക്ക്ഡാം നിർമ്മിക്കുന്നത്. മാണി സി. കാപ്പൻ എം.എൽ.എയുടെ സജീവമായ ഇടപെടലാണ് ഭരണാനുമതി വേഗത്തിലാക്കിയതെന്ന് ഷിലു കൊടൂർ അറിയിച്ചു .