അടിമാലി: കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ ജാഗ്രതയോടെ അടിമാലി.അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ അടിമാലി ബസ് സ്റ്റാൻഡ് കഴുകി അണുവിമുക്തമാക്കി.കരുതലോടെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ദിവസവും നൂറുകണക്കിനാളുകളാണ് ടൗണിൽ ക്രമീകരിച്ചിട്ടുള്ള കൈകഴുകൽ കേന്ദ്രങ്ങളെ മാതൃകാ കേന്ദ്രങ്ങളാക്കുന്നത്.മൂന്നാർ ഡിവൈഎസ് പി എം രമേശ്കുമാർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയാത്രാ സംവിധാനം എന്ന നിലയിൽ ബസുകളുടെ ഉൾഭാഗം അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി.വ്യാഴാഴ്ച്ച അടിമാലി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അടിമാലി ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ അണുവിമുക്തമാക്കിയിരുന്നു.അഗ്‌നി ശമനസേനാ ഉദ്യോഗസ്ഥർ,പൊലീസ് ഉദ്യോഗസ്ഥർ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു.