പൊൻകുന്നം: പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് സർവീസ് ബസിൽ നിന്ന് കഴിഞ്ഞ ദിവസം ആളില്ലാത്ത നിലയിൽ മദ്യക്കുപ്പികളടങ്ങുന്ന കെട്ട് കണ്ടെത്തിയ സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു.

കോട്ടയത്ത് നിന്നുള്ള 5 അംഗം സംഘമാണ് ഡിപ്പോയിൽ എത്തി വിവരങ്ങൾ എടുത്തത്. കെ.എസ്.ആർ.ടി.സി ബസിൽ നിന്നു മദ്യം എക്‌സൈസ് അധികൃതർ പിടിച്ചെടുത്ത സംഭവം പൊൻകുന്നം ഡിപ്പോ, റൂട്ടിനു ഇടയിൽ ഉള്ള ഡിപ്പോ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വിജിലൻസ് വിഭാഗം കണ്ടെത്തി. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ തലശേരി എക്‌സൈസ് ഓഫിസിൽ നോട്ടിസ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മൊഴി നൽകാൻ എത്തണമെന്ന് കാട്ടി നോട്ടിസ് പൊൻകുന്നം ഡിപ്പോയിൽ എത്തി. ആളില്ലാതെ പിടിച്ചെടുത്ത മദ്യം കടത്ത് സംഭവത്തിൽ ജീവനക്കാരെ സാക്ഷികളായാണ് ചേർത്തിരിക്കുന്നത്.

പരപ്പ, മണക്കടവ് റൂട്ടിലെ ബസുകളിൽ ചില ജീവനക്കാർ മാഹിയിൽ നിന്ന് മദ്യം കൊണ്ടുവരുന്നതായി ഏറെ നാളായി പരാതി ഉയർന്നിരുന്നു. ചിലർ ഈ ബസുകളിലെ സേവനത്തിന് താത്പര്യമില്ലെന്ന് നേരത്തെ അറിയിച്ചതും ഈ ആക്ഷേപം നിലനിൽക്കുന്നതിനാലാണെന്ന് ചില ജീവനക്കാർ പറയുന്നു.