പാലാ: യാത്രക്കാർക്ക് അപകടക്കെണി ഒരുക്കി കട്ടച്ചിറയിൽ പി.ഡബ്ലു.ഡിയുടെ റോഡ് സൗന്ദര്യവത്കരണം. സ്റ്റേറ്റ്‌ ഹൈവേ സൗന്ദര്യവത്കരണം എന്ന പേരിൽ ഏറ്റുമാനൂർ-പാലാ സംസ്ഥാന പാതയിലെ ടാറിംഗ് കഴിഞ്ഞ കാഴ്ചയാണിത്. ഒരടിയിലധികം ഉയർന്നു നിൽക്കുന്ന കട്ടിംഗ് വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നു. വർഷങ്ങളായി യാതൊരപകടവും നാട്ടുമാവിൻ കൂട്ടത്തോടു ചേർന്നുള്ള റോഡിൽ ഉണ്ടായിട്ടില്ല. അപകടക്കെണി ഒരുക്കി നാട്ടുമാവുകളാണ് അപകടകാരണം എന്നുവരുത്തിത്തീർത്ത് മാവുകൾ മുറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അശാസ്ത്രീയ നിർമ്മാണമെന്ന് ആരോപണമുണ്ട്. മുമ്പ് ഇത്തരം നീക്കമുണ്ടായപ്പോൾ കോടതി ഉത്തരവിലൂടെ സംരക്ഷിക്കപ്പെട്ടവയാണ് നാട്ടുമാവുകൾ. മാവുകൾ മുറിക്കുന്നതിനെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു. പഴയ റോഡിന് ഒരു കുഴപ്പവുമില്ലാതിരിക്കെ എന്തിനാണ് ഇത്തരത്തിലൊരു നവീകരണമെന്നാണ് നാട്ടുകാരുടെ ചോദ്യം. പകരം നാട്ടുമാവുകൾക്ക് വലതു വശത്തുള്ള ഭാഗം റോഡ് ടാർ ചെയ്ത് അവിടെ ഒരു വൺ വേ സംവിധാനം ഏർപ്പെടുത്തുകയായിരുന്നു ചെയ്യേണ്ടതെന്ന് കിടങ്ങൂർ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.