കോട്ടയം: തിരുനക്കര മൈതാനത്ത് പാർക്ക് ചെയ്‌തിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. പിൻവശത്തെ വാതിലിന്റെ ചില്ല് തകർത്ത് വയർ അറുത്തുമാറ്റിയാണ് മോഷണ ശ്രമമുണ്ടായത്. കാറിന്റെ ബാറ്ററിയും വയറും അടക്കം മാറ്റിയ ശേഷമാണ് കാർ കടത്താൻ ശ്രമിച്ചത്. ഗിയർ ലിവറും തകർത്തിട്ടുണ്ട്. കാറിനകത്തുനിന്ന് മുളകുപൊടിയുടെ പാക്കറ്റും സ്‌പാനറും കണ്ടെത്തി. കെ.കെ റോഡിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന കുമ്മനം സ്വദേശി ഷംസുദ്ദീന്റെ സാൻട്രോ കാറാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോൾ കാർ പതിവുപോലെ മൈതാനത്ത് നിർത്തിയിട്ടതായിരുന്നു. രാത്രി എട്ടിന് കാർ എടുക്കാനെത്തിയെങ്കിലും മൈതാനത്തിന്റെ ഗേറ്റ് പൂട്ടിയതിനാൽ മടങ്ങിപ്പോന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും എത്തിയപ്പോഴാണ് കാർ തകർത്തതായി കണ്ടത്. മൈതാനത്തിന്റെ ഗേറ്റും തകർത്ത നിലയിലാണ്. വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി