kalamezhuth

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ തെക്കുപുറത്ത് കളമെഴുത്തുംപാട്ടും തുടങ്ങി. കളമെഴുത്ത് ആചാര്യൻ മുല്ലശ്ശേരിമഠത്തിൽ ശ്രീകുമാർ നാരായണനുണ്ണിയുടെ നേതൃത്വത്തിൽ ഭദ്രകാളിയുടെ പൂർണ്ണരൂപം വർണ്ണപ്പൊടികൾ കൊണ്ട് വരച്ചാണ് കളമെഴുത്തും പാട്ടും നടത്തുന്നത്.
അരങ്ങുവിതാനം, ഉച്ചപ്പാട്ട്, താലപ്പൊലി, എതിരേൽപ്പ്, കളംപൂജ, തിരിഉഴിച്ചിൽ, കളംപാട്ട്, കളം മായ്ക്കൽ എന്നിവ പ്രധാന ചടങ്ങുകളാണ്. ഭദ്രകാളിയെ ആവാഹിച്ച് കളത്തിലേക്ക് എഴുന്നള്ളിച്ച ശേഷം സപ്തമാതൃക്കൾക്കും, അഷ്ടദിക്പാലകർക്കും പൂജചെയ്ത് ഭഗവതിയെ പ്രീതിപ്പെടുത്തുന്നതാണ് ചടങ്ങുകൾ. വെളിച്ചപ്പാട് എം. ജയൻ, മേൽശാന്തി മുരളീധരൻ എമ്പ്രാന്തിരി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമൻ, സെക്രട്ടറി വി. കെ. നടരാജൻ ആചാരി, എസ്. ധനഞ്ജയൻ, കെ. ബാബു, പഴനിയപ്പചെട്ട്യാർ, കെ. പുരുഷൻ, അമ്മിണി ശശി, എം. ടി. അനിൽകുമാർ, പി. ആർ. രാജു എന്നിവർ നേതൃത്വം നൽകി.