കോട്ടയം: വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവായി മാറേണ്ട ടൂറിസം ഹൈവെ അനിശ്ചിതത്വത്തിൽ.തമിഴ്‍നാട്ടിലെ മധുര ജില്ലയിൽ നിന്നും തുടങ്ങി തേനിയിലൂടെ ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് നിർദിഷ്ട ഹൈവെയുടെ രൂപരേഖ. 2002-ൽ നാറ്റ്പാക് നടത്തിയ പഠനത്തിൽ ഹൈവേ നിർമാണത്തിന് 187 കോടി രൂപയാണ് പ്രതീക്ഷിച്ചത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപാരിഹാരം നൽകുന്നതിനുൾപ്പെടെയുള്ള ചെലവാണിത്. ഇപ്പോൾ നഷ്ടപരിഹാരം നൽകാനും മറ്റും ഇതിന്റെ പതിന്മടങ്ങ് വേണ്ടിവരും.
നിർദിഷ്ട്ട പാതയിൽ ഉൾപ്പെടുന്ന തണ്ണീർമുക്കം ബണ്ടിലെ പുതിയ പാലം നിർമാണവും ചേർത്തല -തണ്ണീർമുക്കം റോഡ് നിർമാണവുമെല്ലാം ഇതിനകം പൂർത്തിയിട്ടുണ്ട്. അതിനാൽ ഇവയുടെ നിർമ്മാണത്തിനായി തുക ഇനി ചെലവഴിക്കേണ്ടതില്ല. ടൂറിസം ഹൈവേ നിർമാണത്തിൽ നിയമസഭയിൽ 2016 മുതൽ ചോദ്യം ഉയർന്നപ്പോഴെല്ലാം ധനവകുപ്പ് ഇക്കാര്യത്തിൽ പരിശോധന നടത്തിവരികയെണെന്ന മറുപടിയാണ് നൽകിയിട്ടുള്ളത്. പാത നടപ്പിലാക്കുന്നതിന് കിഫ്ബിയിൽ പണം ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.കോട്ടയം- കുമരകം റോഡ് വികസനത്തിനായി എല്ലാവർഷവും ബജറ്റിൽ തുക മാറ്റിവയ്ക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിലും 120 കോടി രൂപ മാറ്റിവയ്ക്കപ്പെട്ടിരുന്നു. പക്ഷേ, റോഡിന്റെ വീതി കൂട്ടാനോ അപകടാവസ്ഥ പരിഹരിക്കാനോ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ആകർഷണീയം, പക്ഷേ...
നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ എല്ലാം ബന്ധിപ്പിച്ച് കായലും പുഴയുമെല്ലാം പിന്നിട്ടെത്തുന്ന ബൈപ്പാസിലൂടെയുള്ള യാത്ര തന്നെ ആകർഷണീയമാണ്. മധുരയിൽ നിന്നും ആരംഭിക്കുകയും ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ അവസാനിക്കുന്നതാണ് ഈ പാത. മധുര, തേനി ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഈ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് കാണാനാകും. മധുരയിൽ നിന്നും കേരള അതിർത്തിയായ കുമളി വരെയുള്ള 160 കിലോമീറ്റർ ദൂരം തമിഴ് മണ്ണിന്റെ സംസ്കാരവും ജീവിതവും നേരിൽ കാണാൻ ആകും. തമിഴ്‍നാടിന്റെ കൃഷിയിടങ്ങൾ, ഇഷ്ടിക ചൂളകൾ, തനതു രുചികൾ ഇവയെല്ലാം ഈ യാത്രയിൽ അനുഭവിക്കാം. കൊച്ചി ബോൾഗാട്ടി പാലസ്, ഗോശ്രീ പാലം, കുട്ടനാട്, കുമരകം,ഇലവീഴാപൂഞ്ചിറ,വാഗമൺ എന്നിവയെല്ലാം ബന്ധിപ്പിക്കുന്ന ഒന്നായി ഈ പാത മാറുകയും ചെയ്യും.
ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലെ ടൂറിസം വികസനത്തിന് ഏറെ സഹായിക്കുന്ന തരത്തിലാണ് പാതയുടെ നിർമ്മാണം. ഇതിനു വേണ്ടിയുള്ള പഠന റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റ പച്ചക്കൊടി കിട്ടിയാൽ ഉടൻ നടപടികൾ ആരംഭിക്കും.''
തോമസ് ചാഴികാടൻ എം. പി