അടിമാലി: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ മാന്ദ്യം നേരിടുന്ന ജില്ലയിലെ വ്യാപാര സമൂഹത്തിന് സർക്കാർ പിന്തുണ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം. സമാനതകളില്ലാത്ത മാന്ദ്യത്തിലൂടെയാണ് ജില്ലയിലെ വ്യാപാര മേഖല കഴിഞ്ഞ രണ്ടാഴ്ചകളായി കടന്നു പോകുന്നത്. നഗര ഗ്രാമവ്യത്യാസമില്ലാതെ കൊവിഡ് ഭീതിയെ തുടർന്ന് ആളൊഴിഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളിൽ വരുമാനം ഇടിഞ്ഞു. വരുമാന ലഭ്യത തീരെ കുറഞ്ഞതോടെ അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളും നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വ്യാപാര സമൂഹത്തിന് സർക്കാർ പിന്തുണ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്. വ്യാപാരികളുടെ മാർച്ച് മാസത്തിലെ നികുതി അടവുകൾക്ക് മൂന്ന് മാസത്തെ അധിക കാലാവധി നൽകണമെന്നും എടുത്തിരിക്കുന്ന വായ്പകൾക്ക് ഒരു വർഷത്തേക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ആവശ്യപ്പെട്ടു. കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാർ 20,​000 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടും ചെറുകിട വ്യാപാരികളെ സഹായിക്കാനുതകുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന ആശങ്ക കെ.എൻ. ദിവാകരൻ പങ്കുവച്ചു. ഇടുക്കിയിൽ ആകെ വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ ഘടകത്തിന് കീഴിൽ 143 യൂണിറ്റുകളും പതിനയ്യായിരത്തിന് മുകളിൽ അംഗങ്ങളും ഉണ്ട്. പ്രളയവും നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ഏൽപ്പിച്ച വിൽപ്പന മാന്ദ്യത്തിൽ നിന്ന് കരകയറി വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കൊവിഡ്​​- 19 വ്യാപാരമേഖലയ്ക്ക് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയിട്ടുള്ളത്.