അടിമാലി: വേനൽ കനത്തതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലായി. തീറ്റയുടെ ലഭ്യത കുറവും പാലിന്റെ ഉത്പാദനക്കുറവുമാണ് പ്രധാന പ്രശ്നം. രാവിലെയും വൈകിട്ടും ലഭിച്ചിരുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുള്ളതായി കർഷകർ പറയുന്നു. തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങിയതോടെ വൈക്കോലും കാലിത്തീറ്റയും മാത്രമാണ് പല കർഷകരും കന്നുകാലികൾക്ക് നൽകിപോരുന്നത്. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയായി വൈക്കോൽ ഇടുക്കിയിലെത്തണമെങ്കിൽ കിലോ ഒന്നിന് പത്ത് രൂപ നൽകണം. വേനൽകാലത്ത് മിൽമവഴി സബ്സീഡിയായി ലഭിച്ചിരുന്ന വൈക്കോൽ ഇത്തവണ കർഷകർക്ക് ലഭിച്ചിട്ടില്ല. പാലിന്റെ വില കൂട്ടിയ ശേഷം മൂന്ന് തവണകളായി കാലിത്തീറ്റയ്ക്ക് 50 രൂപ അടുത്ത് വില വർദ്ധിപ്പിച്ചതായി ക്ഷീര കർഷകർക്ക് പരാതിയുണ്ട്. ഏറി വരുന്ന ഉത്പാദനച്ചെലവ് ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകുന്നതായും കർഷകർ പറയുന്നു. 35 രൂപയ്ക്കും 36 രൂപയ്ക്കുമൊക്കെയാണ് ക്ഷീര കർഷകരിൽ നിന്നും മിൽമ പാൽ സംഭരിക്കുന്നത്. ഏതാനും നാളുകൾക്ക് മുമ്പ് പാൽവില വർദ്ധിപ്പിച്ചെങ്കിലും കാലിത്തീറ്റയ്ക്കും വൈക്കോലിനുമൊക്കെയുള്ള ഉയർന്ന വില കർഷകർക്ക് വലിയ ലാഭം നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വേനൽ കനത്തതോടെ തീറ്റപ്പുൽ ക്ഷാമവും പാലിന്റെ ഉത്പാദനക്കുറവും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയായിട്ടുള്ളത്.