കോട്ടയം : കൊറോണ ഭീതിയിൽ ഇന്ന് ജനതാ കർഫ്യൂ പ്രഖ്യാപനത്തോടെ സാധന സാമഗ്രികൾ ശേഖരിച്ച് വയ്ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങൾ. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിട്ടേക്കാമെന്ന ആശങ്കയെ തുടർന്ന് രണ്ടുംമൂന്നും ആഴ്ചത്തേയ്ക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങുകയായിരുന്നു. ഇതിനിടെ കടകളിൽ പയറുവർഗങ്ങൾക്ക് ക്ഷാമവും നേരിട്ട് തുടങ്ങി.

ഒരുകച്ചവടവുമില്ലാതിരിക്കുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം ചന്തയിൽ തിരക്കോട് തിരക്കാണ്. ചന്തയിൽ മാത്രമല്ല നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും ഗ്യാസ് വിതരണ ഏജൻസികളിലും തിരക്കാണ്. ആളുകൾ കൂട്ടത്തോടെ വന്ന് സാധനങ്ങൾ വാങ്ങുകയാണ്. ചിലയിടത്ത് നീണ്ട ക്യൂവും. കൂട്ടം കൂടി നിൽക്കരുതെന്നുള്ള നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. വിദേശ രാജ്യങ്ങളിൽ ഭക്ഷണ ക്ഷാമം രൂക്ഷമാകുന്നെന്ന റിപ്പോർട്ടതിനെ തുടർന്നാണ് കടകളിലേയ്ക്ക് കൂട്ടമായി ആളുകളെത്തുന്നത്. അതിർത്തികൾ അടച്ചതോടെ ഭക്ഷ്യധാന്യങ്ങൾ കിട്ടാതെ വന്നാൽ എന്തു ചെയ്യുമെന്ന ആശങ്കയും ഇവർ മറച്ചുവയ്ക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വരവ് കൂടി നിലച്ചാൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.

 '' മാർക്കറ്റിൽ വരുന്നവരിൽ ഭുരിഭാഗവും രണ്ടാഴ്ചത്തേയ്ക്കുള്ള സാധനങ്ങൾ ആണ് ഒന്നിച്ചു വാങ്ങുന്നത്. ചിലർ ഒരുമാസത്തെ സാധനങ്ങൾ ഒന്നിച്ചു വാങ്ങുന്നുണ്ട്. ദിവസങ്ങളായി കച്ചവടം മടുപ്പായിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായിട്ടില്ല'

'- സക്കീർ, വ്യാപാരി