ചങ്ങനാശേരി : സെൻട്രൽ ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കെൽട്രോണിന്റെ നേതൃത്വത്തിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എം.സി റോഡ് നവീകരിച്ചപ്പോൾ നഗരത്തിലെ പ്രധാന ജംഗ്ഷനിലെ ആറിടങ്ങളിലായി സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ നാലെണ്ണം കഴിഞ്ഞ ഡിസംബറിൽ വാഹനം ഇടിച്ച് തകർന്നിരുന്നു. ഇതോടെ ഇവിടെ ഗതാഗതത്തിരക്കും രൂക്ഷമായി. കടുത്ത വേനലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുകയും ചെയ്യുന്ന സ്ഥിതിയാണ്. സൗരോർജത്തിന്റെയും വൈദ്യുതിയുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന സിഗ്‌നൽ ലൈറ്റുകൾ തകർന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പുനരുദ്ധാരണ ജോലികൾക്ക് 1.70 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. എന്നാൽ ഈ തുക നൽകേണ്ടത് ആരെന്ന തർക്കത്തെ തുടർന്നാണ് പണികൾ മാസങ്ങളോളം വൈകിയത്. പൊതുമരാമത്ത് അനുമതി നൽകിയതോടെയാണ് കെൽട്രോൺ പണികൾ ആരംഭിച്ചത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തിച്ച് തുടങ്ങും.