രാമപുരം: പഞ്ചായത്തിലെ അനധികൃത പാടം നികത്തലിനും കാനകീറലിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലാ ആർ.ഡി.ഓ. എൻ.റ്റി. അനിൽ കുമാർ പറഞ്ഞു. പഞ്ചായത്തിലെ നെൽകൃഷി ചെയ്യുന്ന വയലുകൾ മണ്ണിട്ട് നികത്തിയും കാനകീറിയും വലിയരീതിയിൽ കൂടം വെട്ടിയും നെൽവയലുകൾ ഇല്ലാതാക്കി കര ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. വെള്ളിലാപ്പിള്ളി പാടശേഖരത്ത് നെൽവയലിന്റെ ഘടന മാറ്റി കാനകീറിയതിനെതിരെ രണ്ട് പാടശേഖരം ഉടമകൾക്ക് എതിരെ വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്നും സ്റ്റോപ്പ് മെമ്മോ കൊടുത്തിരിന്നു. നെൽവയലുകൾ തണ്ണീർതടങ്ങൾ തോടുകൾ എന്നിവ സംരക്ഷിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ പ്രാദേശിക നിരീക്ഷണ സമിതി എല്ലാ പഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ട്. അതിൽ കൃഷി ഓഫീസിൽ കൺവീനറായും, തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കർഷകർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.